ഹമാസിനെതിരായ പ്രമേയം പരാജയപ്പെട്ടു
യുനൈറ്റഡ് നാഷന്‍സ്: ഫലസ്തീന്‍ സംഘടന ഹമാസിനെതിരേ യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. അമേരിക്കയാണു പ്രമേയം പൊതുസഭയില്‍ അവതരിപ്പിച്ചത്. ഇസ്‌റാഈലിലേക്കുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ അപലപിച്ചുള്ള പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെയാണു തള്ളപ്പെട്ടത്.
കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈലിനും ഫലസ്തീനിനും ഇടയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇസ്‌റാഈല്‍ പ്രകോപനങ്ങള്‍ക്കു തിരിച്ചടിയായി ഹമാസ് നൂറുകണക്കിന് മിസൈലുകളാണ് അതിര്‍ത്തിക്കപ്പുറത്തേക്ക് വിക്ഷേപിച്ചത്. ഫലസ്തീനിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ച് ഇസ്‌റാഈല്‍ സേന തിരിച്ചടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹമാസ് ആക്രമണം മാത്രം ഉയര്‍ത്തിക്കാട്ടിയാണ് അമേരിക്ക പ്രമേയം അവതരിപ്പിച്ചത്. 87 രാഷ്ട്രങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 57 അംഗങ്ങള്‍ എതിര്‍ത്തു. 33 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെയാണു പ്രമേയം പാസാകാന്‍ വേണ്ട മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാനാകാതെ പ്രമേയം തള്ളപ്പെട്ടത്.
യു.എന്‍ തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്യുകയും പിന്തുണച്ച രാഷ്ട്രങ്ങള്‍ക്കു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, പ്രമേയം തള്ളിക്കളയുക വഴി ചരിത്രപരമായ അബദ്ധമാണു പൊതുസഭ ചെയ്തിരിക്കുന്നതെന്ന് യു.എസ് അംബാസഡര്‍ നിക്കി ഹാലെ പ്രതികരിച്ചു. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഹമാസിനെതിരായ ഒരു പ്രമേയത്തിന് ഇതാദ്യമായാണ് പൊതുസഭയില്‍ ഇത്രയും രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നതെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവും വ്യക്തമാക്കി.
ഒരു ഭീകര സംഘടനയെ പ്രതിരോധിക്കാന്‍ മാത്രം ഇസ്‌റാഈലിനോടുള്ള നിങ്ങളുടെ ശത്രുത ശക്തമാണോയെന്ന് അറബ് സഹോദരീ സഹോദരന്മാരോട് ചോദിക്കുന്നുവെന്നു പറഞ്ഞാണ് നിക്കി ഹാലെ പ്രമേയ അവതരണം തുടങ്ങിയത്. ഫലസ്തീന്‍ ജനതയ്ക്കു തന്നെ നാശം വരുത്തിവയ്ക്കുന്ന ഒരു സംഘടനയെയാണോ നിങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും ഹാലെ ചോദിച്ചു. നടപടിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള തീരുമാനത്തിലൂടെ പ്രമേയം ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് സഭയിലെ ഇസ്‌റാഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ കുറ്റപ്പെടുത്തി.
പ്രമേയം തള്ളപ്പെട്ടത് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടത്തിനേറ്റ അടിയാണെന്ന് ഹമാസ് വക്താവ് സാമി അബൂ സഹ്‌രി ട്വീറ്റ് ചെയ്തു. ഹമാസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനാണ് അമേരിക്ക ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍ ഇശാഖ് അല്‍ ഹബീബ് പറഞ്ഞു.
193 അംഗ യു.എന്‍ പൊതുസഭയില്‍ ഇതാദ്യമായാണ് ഹമാസിനെ അപലപിച്ചുള്ള ഒരു പ്രമേയം വോട്ടിനിടുന്നത്. ഫലസ്തീന്റെ വിമോചന പോരാട്ടത്തിന്റെ ഭാഗമായി 1987ല്‍ സ്ഥാപിതമായ ഹമാസ് 2006ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗസ്സയില്‍ അധികാരത്തിലേറിയിരുന്നു. എന്നാല്‍, അമേരിക്കയ്ക്കും ഇസ്‌റാഈലിനും പുറമെ യൂറോപ്യന്‍ യൂനിയനും ബ്രിട്ടനുമടക്കമുള്ള വിവിധ ലോകരാഷ്ട്രങ്ങള്‍ ഹമാസിനെ ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."