താരങ്ങള്‍ക്കും പരിശീലകര്‍ക്കും വിലക്ക്
യു.എച്ച് സിദ്ദീഖ്#
കോഴിക്കോട്: അംഗീകാരം നഷ്ടപ്പെട്ട സംസ്ഥാന വോളിബോള്‍ അസോസിയേഷനെതിരേ നിലപാട് കടുപ്പിച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. വോളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പുകളിലും ടൂര്‍ണമെന്റുകളിലും പരിശീലന ക്യാംപുകളിലും പങ്കെടുക്കുന്നതിന് താരങ്ങള്‍ക്കും പരിശീലകര്‍ക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ധാക്കിയതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലെ കായികതാരങ്ങള്‍ക്കാണ് വിലക്ക്. സ്‌കൂള്‍, കോളജ്, സെന്‍ട്രലൈസഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ താരങ്ങള്‍ വോളിബോള്‍ അസോസിയേഷന്റെ ചാംപ്യന്‍ഷിപ്പുകളിലും ടൂര്‍ണമെന്റുകളിലും പരിശീലന ക്യാംപുകളിലും പങ്കെടുക്കാന്‍ വിലക്കുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സംഘടിപ്പിക്കുന്ന ഇത്തരം ചാംപ്യന്‍ഷിപ്പുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഗ്രേസ് മാര്‍ക്കിനോ സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷനുകള്‍ക്കോ പരിഗണിക്കില്ല. ഇക്കാര്യത്തില്‍ ആരെങ്കിലും പങ്കെടുക്കുന്നുണ്ടോയെന്നത് സംബന്ധിച്ചു ശ്രദ്ധിക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ഇതിന് പുറമേ പൊലിസ്, കെ.എസ്.ഇ.ബി ഉള്‍പ്പെടെ ഡിപ്പാര്‍ട്ട്‌മെന്റ്തല ടീമുകളോടും വോളി അസോസിയേഷന്റെ ചാംപ്യന്‍ഷിപ്പുകളിലും ടൂര്‍ണമെന്റുകളിലും പരിശീലന കളരികളിലും പങ്കെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാര്‍ വഴി നിര്‍ദേശം നടപ്പാക്കാനുള്ള ശ്രമവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തീരുമാനം നിലവില്‍ നടന്നു വരുന്ന ജില്ലാ, മേഖലാതല മത്സരങ്ങളെയും കുന്ദമംഗലത്ത് നടക്കാന്‍ പോകുന്ന സൂപ്പര്‍ സോണ്‍ മത്സരങ്ങളെയും ബാധിക്കും. ഭാരവാഹി തിരഞ്ഞെടുപ്പ് അടക്കം ക്രമക്കേടുകളെ തുടര്‍ന്ന് 2017 ഒക്ടോബര്‍ 31 ന് ആണ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയത്. പിരിച്ചുവിട്ട വോളി അസോസിയേഷന് പകരം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമേ ജില്ലാതല, സോണല്‍, സൂപ്പര്‍ സോണ്‍ മത്സരങ്ങള്‍ നടത്താനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."