''ഇനി മൂന്നോ നാലോ മിനിട്ട് മാത്രം, ഞാന്‍ മരിക്കും, ഭാര്യയെയും മക്കളയെും സംരക്ഷിക്കണം. നീ ഇവിടെ വന്ന് എന്നെ കൊണ്ടുപോകണം''; കണ്ണുനനയിച്ച് ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ച മുഷാറഫ് അലിയുടെ അവസാന ഫോണ്‍ സംഭാഷണം
ന്യൂഡല്‍ഹി: ഏവരുടെയും കണ്ണ് നനയിച്ച് ഡല്‍ഹിയിലെ തീപിടിത്തത്തില്‍ മരിച്ച യുവാവിന്റെ അവസാന ഫോണ്‍ സംഭാഷണം. മരണത്തെ മുഖാമുഖം കാണവേ കമ്പനിയിലെ ജോലിക്കാരനും യു.പി.യിലെ ബിജിനോര്‍ സ്വദേശിയുമായ മുഷാറഫ് അലി തന്റെ സഹോദരന് ചെയ്ത ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
'സഹോദരാ ഞാന്‍ മരിക്കാന്‍ പോകുന്നു. എനിക്ക് ചുറ്റുമിപ്പോള്‍ തീയാണ്, രക്ഷപ്പെടാന്‍ ഒരുപഴുതും ബാക്കിയില്ല. നീ നാളെ ഇവിടെയെത്തി എന്നെ കൊണ്ടു പോകണം, കുടുംബത്തെ സംരക്ഷിക്കണം''. ഇതാണ് മുഷാറഫ് തന്റെ സഹോദരനോട് അവസാനമായി ആവശ്യപ്പെട്ടത്. എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കൂ എന്ന് പറഞ്ഞ സഹോദരനോട് ഇനി രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നും മൂന്നോ നാലോ മിനിട്ട് മാത്രമാണ് തനിക്ക് അവശേഷിച്ചതെന്നുമാണ് മുഷാറഫ് പറഞ്ഞത്.
എനിക്കിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. കുടുംബത്തിന്റെയും തന്റെ ഭാര്യയുടെയും മക്കളുടെയും സംരക്ഷണം ഏറ്റെടുക്കണം. തന്റെ മരണവാര്‍ത്ത ആദ്യം കുടുംബത്തിലെ മുതിര്‍ന്നവരോട് മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നും ഞാന്‍ മരിച്ചാലും നിങ്ങളോടൊപ്പം തന്നെയുണ്ടാകുമെന്നും വികാരാധീനനായി പറഞ്ഞാണ് മുഷാറഫ് മരണത്തിന് മുന്‍പുള്ള അവസാന ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
തീപിടുത്തമുണ്ടായ കമ്പനിയില്‍ ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം കഴിഞ്ഞ നാല് വര്‍ഷമായി മുഷാറഫ് ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.20 ഓടെയാണ് കമ്പനിയില്‍ സംസ്ഥാനത്തെയാകെ നടുക്കിയ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ ഇതുവരേ 43 പേര് മരിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."