പി.ആര്‍.ഡിയുടെ ലഘുപുസ്തകം പിന്‍വലിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ 'തമസോമാ ജ്യോതിര്‍ഗമയ, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്' എന്ന ലഘുപുസ്തകം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുസ്തകം പുതുതലമുറക്ക് പ്രചോദനവും പ്രേരണയും നല്‍കുന്നതാണ്. നവോത്ഥാന പ്രക്രിയയില്‍ സംഭാവന നല്‍കിയവരായി ഒട്ടേറെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുണ്ട്. അവര്‍ നല്‍കിയ സംഭാവനകളെ നാമെല്ലാം ആദരിക്കുന്നു.
എല്ലാ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും സംഭവങ്ങളെയും വിശദമായി പരാമര്‍ശിക്കുക പുസ്തകത്തിന്റെ ലക്ഷ്യമായിരുന്നില്ല. ഇത്തരമൊരു ലഘുപുസ്തകത്തില്‍ അത് പ്രായോഗികമല്ല. അതിനാല്‍ പുസ്തകം പിന്‍വലിക്കേണ്ട സാഹചര്യമില്ല.
കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിന്റെ ലഘുവിവരണത്തോടൊപ്പം സാമൂഹിക പരിഷ്‌കരണത്തിന് നിര്‍ണായക സംഭാവന നല്‍കിയ നവോത്ഥാന നായകരെക്കുറിച്ചുമാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
അനാചാരങ്ങളും അടിച്ചമര്‍ത്തലുകളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ചും കേരളം കടന്നുവന്ന ചരിത്ര വഴികളെക്കുറിച്ചും സാമാന്യമായ ധാരണ പൊതുസമൂഹത്തിന് ലഭിക്കുന്നതിനാണ് പുസ്തകം തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."