ആള്‍മറയില്ലാത്ത കിണറുകളില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റോഡിരികിലെ ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിലും പുളിക്കലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലുമുളള ആള്‍മറയില്ലാത്ത കിണറ്റിലും വീണ് രണ്ട് യുവാക്കള്‍ മരിച്ചു. വിദേശത്തു നിന്നെത്തിയ സുഹൃത്തിനെ സ്വീകരിക്കാന്‍ കാറുമായി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് എടക്കാട് കുറുങ്ങാടം രഞ്ജിത്ത്(32)വിമാനത്താവള റോഡരികിലെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലും പുളിക്കലില്‍ പൂവത്തിക്കോട്ട പരേതനായ ചാളക്കണ്ടി ഇമ്പിച്ചിയുടെ മകന്‍ ശശിധരന്‍(42)വീട്ടിലേക്ക് പോകുന്ന വഴി അയല്‍വാസിയുടെ കിണറ്റിലും വീണാണ് മരിച്ചത്. ഇരുവരും കിണറ്റില്‍ വീണത് അറിയാത്തിനാല്‍ രക്തം വാര്‍ന്നാണ് മരിച്ചത്. രഞ്ജിത്തിന്റെ മൃതദേഹം ഇന്നലെ രാത്രി 12 ഓടെയും ശശിധരന്റെ മൃതദേഹം രാവിലെയുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് രഞ്ജിത്ത് സുഹൃത്തിനെ സ്വീകരിക്കാന്‍ കാറുമായി വിമാനത്താവളത്തിലെത്തിയത്. ഒഴിഞ്ഞ പറമ്പില്‍ മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. എട്ടോടെ സുഹൃത്ത് വിമാനം ഇറങ്ങിയിട്ടും രഞ്ജിത്തിനെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടിലേക്ക് വിളിച്ചന്വേഷിച്ചപ്പോള്‍ വിമാനത്താവളത്തിലേക്ക് പോയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്തിന്റെ കാര്‍ വിമാനത്താവള കവാടത്തിന് 200 മീറ്റര്‍ അകലെ റോഡരികില്‍ കണ്ടു. സമീപ പ്രദേശങ്ങളിലെല്ലാം ഏറെ നേരം തിരഞ്ഞതിന് ശേഷം രാത്രി 12 ഓടെയാണ് ഒഴിഞ്ഞ പറമ്പിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ കണ്ടത്. പൊലിസ് സഹായത്തോടെ കിണറ്റില്‍ നിന്നെടുത്ത് ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിട്ട. കോഴിക്കോട് എംപ്ലോയ്‌മെന്റ് ഓഫിസര്‍ പവിത്രന്‍ കുറുങ്ങാടത്തിന്റെയും റിട്ട. സെക്രട്ടറിയേറ്റ് ജീവനക്കാരി പുഷ്പയുടെയും മകനാണ് രഞ്ജിത്ത്. സഹോദരന്‍: അനൂപ്.
കിണറ്റില്‍ നിന്നും വെള്ളം കോരാനെത്തിയ വീട്ടുകാര്‍ വെള്ളത്തിന്റെ നിറം മാറിയതറിഞ്ഞ് പരിശോധിച്ചപ്പോഴാണ് പുളിക്കല്‍ പൂവത്തിക്കോട്ട ചാളക്കണ്ടി ശശിധരന്റെ(42)മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് വരുമ്പോള്‍ വഴിയരികിലുള്ള ആള്‍മറയില്ലാത്ത കിണറിലേക്ക് വീണതാകാമെന്നാണ് സംശയം. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലിസുമെത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. അവിവാഹിതനാണ്. മാതാവ്: മീനാക്ഷി.സഹോദരങ്ങള്‍: ബാബു (മണികണ്ഠാ ട്രാവല്‍സ് പുളിക്കല്‍), ഹരിദാസന്‍, അമ്മിണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."