സര്‍ക്കാരിനെതിരേ രഘുറാം രാജന്‍ സാമ്പത്തിക മാന്ദ്യം അംഗീകരിക്കണം
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണെന്ന സത്യം തുറന്നുപറഞ്ഞ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ അംഗീകരിച്ചേ മതിയാകൂവെന്നും ഇന്ത്യയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതു പ്രധാനമന്ത്രിയും അദ്ദേഹത്തിനു ചുറ്റുമുള്ള കുറച്ചാളുകളുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മാന്ദ്യത്തിനു നടുവിലാണ്. വിമര്‍ശനങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമല്ലെന്നു സര്‍ക്കാര്‍ മനസിലാക്കണം. മൂലധനം, ഭൂമി, തൊഴില്‍ വിപണി എന്നിവ ഉദാരവല്‍ക്കരിക്കണം. നിക്ഷേപവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കണമെന്നും ഒരു ദേശീയമാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എവിടം മുതലാണ് തെറ്റിയതെന്നു സര്‍ക്കര്‍ പഠിക്കണം. അതിനു സംവിധാനമുണ്ടാക്കണം. പ്രധാനമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച ചെറിയൊരു സംഘം എല്ലാം തീരുമാനിക്കുന്നതു രാഷ്ട്രീയപരമായി പാര്‍ട്ടിക്കു ഗുണകരമാകാമെങ്കിലും രാജ്യത്തെ അതു ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പത്തെ സര്‍ക്കാരുകള്‍ക്കു അത്ര സ്ഥിരതയില്ലായിരുന്നുവെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വിഷയങ്ങളില്‍ അവര്‍ സ്ഥിരത കാണിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യമുണ്ടെന്ന കാര്യം സര്‍ക്കാര്‍ അംഗീകരിക്കണം. അതിന്റെ വ്യാപ്തി മനസിലാക്കണം. കാരണങ്ങള്‍ പലതും മുന്‍ സര്‍ക്കാരില്‍നിന്നു തുടങ്ങിയതാകാമെന്നും അത്തരത്തില്‍ കൈമാറിക്കിട്ടിയ പ്രശ്‌നങ്ങളടക്കം പഠിച്ച് പരിഹരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."