ഭീമന്‍ ബോട്ട് തീരക്കടലില്‍ വിതച്ചത് ദുരന്തം
കൊടുങ്ങല്ലൂര്‍: ആഴക്കടലില്‍ മത്സ്യം കൊയ്യുന്ന ഭീമന്‍ ബോട്ട് തീരക്കടലില്‍ വിതച്ചത് ദുരന്തം. അഴീക്കോട് കടലില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വില്ലനായത് കടലിലെ വലിയ ജലയാനങ്ങളിലൊന്നായ പഴ്‌സീന്‍ ബോട്ടാണ്. സാധാരണ ഗതിയില്‍ കരയില്‍ നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇത്തരം ബോട്ടുകള്‍ മത്സ്യ ബന്ധനം നടത്താറുള്ളത്. പരമ്പരാഗത വള്ളങ്ങളുടെ മത്സ്യ ബന്ധന മേഖലയായ തീരക്കടലില്‍ പഴ്‌സീന്‍ ബോട്ടുകള്‍ സഞ്ചരിക്കാറില്ല. എന്നാല്‍ ലൈറ്റ് ഹൗസ് കടപ്പുറത്തിന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് നടന്ന അപകടത്തിന് കാരണക്കാരനായ പഴ്‌സീന്‍ ബോട്ട് മത്സ്യ ബന്ധന മേഖലയിലെ മര്യാദ ലംഘിച്ച് തീരക്കടലില്‍ അമിത വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു.
പരമ്പരാഗത മത്സ്യയാനങ്ങള്‍ക്കും ഇടയിലാണ് കടലില്‍ പഴ്‌സീന്‍ ബോട്ടിന്റെ സ്ഥാനം. സാധാരണ ഗതിയില്‍ ചെറുകിട തീരങ്ങളിലൊന്നും ഇത്തരം ബോട്ടുകള്‍ മത്സ്യ ബന്ധനം നടത്താറില്ല. കൊച്ചി കേന്ദ്രമാക്കി മത്സ്യ ബന്ധനം നടത്തുന്ന പഴ്‌സീന്‍ ബോട്ടുകള്‍ ഈയിടെയായി ദൂര പരിധിലംഘിച്ച് തീരക്കടലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നതായി പരാതിയുണ്ട്. ഒരു മത്സ്യ തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പഴ്‌സീന്‍ ബോട്ട് കാരണമായതോടെ കടലില്‍ ഇരു വിഭാഗം മത്സ്യ ബന്ധന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥക്കുള്ള സാധ്യത ഉടലെടുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."