കശ്മിരിലെ നിശ്ശബ്ദതയെ സാധാരണ നിലയെന്ന് തെറ്റിദ്ധരിപ്പിക്കുന്നു: തരിഗാമി
ന്യൂഡല്‍ഹി: കശ്മീരിലെ നിശ്ശബ്ദതയെ സാധാരണ നിലയെന്ന് കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്രക്കമ്മറ്റിയംഗം മുഹമ്മദ് യൂസുഫ് തരിഗാമി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തരിഗാമി.
ഇന്റര്‍നെറ്റില്ലാത്തതിനാല്‍ കശ്മീരിലെ വാണിജ്യമേഖല തകര്‍ന്നു പോയിട്ടുണ്ട്. ഐ.ടി മേഖല പൂര്‍ണമായും തകര്‍ന്നു. കശ്മീരികള്‍ക്ക് വാട്‌സാപ്പ് അക്കൗണ്ടുകള്‍ നഷ്ടപ്പെട്ടു. രാജ്യത്ത് നിന്നും പൂര്‍ണമായും ഒറ്റപ്പെടുത്തപ്പെട്ട നിലയിലാണ് കശ്മീര്‍. ഇന്റര്‍നെറ്റ് മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുള്ളതാണ്. കശ്മീരികള്‍ക്ക് ഈ മൗലികാവകാശം ലഭിക്കുന്നില്ല. ഇന്റര്‍നെറ്റില്ലാതെ ജി.എസ്.ടി റിട്ടേണ്‍ എങ്ങനെയാണ് കശ്മീരികള്‍ ഫയല്‍ ചെയ്യുകയെന്നും തരിഗാമി ചോദിച്ചു. ഈ രാജ്യത്തിനൊപ്പം ഒന്നിച്ചു നീങ്ങാനുള്ള അവകാശവും നീതിയുമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് തരിഗാമി പറഞ്ഞു.
പൗരത്വ ബില്ലിനെതിരേ ഇന്ന് സി.പി.എം രണ്ടു ഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബില്ലിലെ പൗരത്വം ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയ്ന്‍, പാര്‍സി, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് മാത്രമെന്ന വ്യവസ്ഥ മാറ്റി എല്ലാവര്‍ക്കും എന്നാക്കണമെന്ന ഭേദഗതിയും ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്ന വ്യവസ്ഥ മാറ്റി അയല്‍രാജ്യങ്ങള്‍ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നുമുള്ള ഭേദഗതിയാണ് അവതരിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."