പൗരത്വബില്ലും എന്‍.ആര്‍.സിയും രണ്ടാണ്; മതത്തിന്റെ പേരില്‍ വിവേചനമുണ്ടാവില്ല- പ്രതിഷേധങ്ങള്‍ക്കിടെ അമിത് ഷായുടെ വിശദീകരണം
ന്യൂഡല്‍ഹി: പൗരത്വബില്ലിനേയും എന്‍.ആര്‍സിയേയും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നും അത് രണ്ടും രണ്ടാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും ഉണ്ടാവില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനായി അമിത് ഷാ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അറിയിച്ചിട്ടുണ്ട്.
അതേസമയം പൗരത്വ (ഭേദഗതി) ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് 'ബദല്‍ സംവിധാനങ്ങള്‍' ആവിഷ്‌കരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ നടപടികള്‍ ബില്ലിന്റെ ഭാഗമല്ലായിരിക്കാം, എന്നാല്‍ നിയമനിര്‍മാണം അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി ബില്‍ ഇത്തവണ പാര്‍ലമെന്റില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. 238 അംഗങ്ങളുള്ള രാജ്യസഭയില്‍ 122 അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെ ലോക്‌സഭയില്‍ ഹാജരുണ്ടാകണമെന്ന് ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."