മുസ്‌ലിം സമുദായത്തെ മാത്രം ഒഴിവാക്കിയെന്ന് കുഞ്ഞാലിക്കുട്ടി; ബില്ലില്‍ എവിടേയും മുസ്‌ലിം എന്ന് പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- കുഞ്ഞാലിക്കുട്ടി ചോദിച്ചു. എന്നാല്‍ ബില്ലില്‍ ഒരിടത്തും മുസ് ലിം എന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
പൗരത്വബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന അപകടകരമായ സാഹചര്യത്തിലാണ് ഉള്ളതെന്നും അമിത് ഷാ ആഭ്യന്തരമന്ത്രി കസേരയില്‍ ആദ്യമായി എത്തിയ ആളായതുകൊണ്ട് അദ്ദേഹത്തിന് നിയമങ്ങള്‍ അറിയില്ലെന്നും ഇതിന് പിന്നാലെ സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുഗതോ റോയ് പറഞ്ഞു.
ലോക്‌സഭയിലെ പൗരത്വ ഭേദഗതി ബില്ലിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും എതിര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് നമ്മുടെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഒരു വിഷയമായി മാത്രം ഇതിനെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല, അത് മൊത്തത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്, ഇത് ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അടിസ്ഥാന മൗലികാവകാശത്തിന് വിരുദ്ധമാണ്' അദ്ദേഹം പറഞ്ഞു.
ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരാണെന്നും ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നത്. ബില്‍ സെലക്ടുകമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."