യുവാവ് കൊല്ലപ്പെട്ടെന്ന് സംശയം; മൃതദേഹത്തിനായി വീണ്ടും തിരച്ചില്‍
കൂത്തുപറമ്പ്: കാണാതായതിനെ തുടര്‍ന്നു കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന മമ്പറം പറമ്പായിയിലെ നിഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്നലെയും തിരച്ചില്‍ നടത്തി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് പൊലിസിന്റെ കസ്റ്റഡിയിലുള്ള ബംഗളൂരു ബോംബ് സ്‌ഫോടനക്കേസിലെ പ്രതി പി.എ സലീമിനെ സ്ഥലത്തെത്തിച്ചാണ് ജെ.സിബിയുടെ സഹായത്തോടെ മണ്ണുനീക്കി പരിശോധന നടത്തിയത്. പരിശോധനക്കിടെ ഇന്നലെ ഉച്ചയോടെ സ്ഥലത്തുനിന്ന് ചെറിയ അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തി. ആയുധംകൊണ്ട് മുറിച്ച നിലയിലുള്ള നാല് അസ്ഥി കഷ്ണങ്ങളാണു കണ്ടെത്തിയത്. വ്യാഴാഴ്ച മണ്ണ് നീക്കി പരിശോധന നടത്തിയ സ്ഥലത്തിനു സമീപത്താണ് പറമ്പിന്റെ മേല്‍ഭാഗത്തായി തന്നെ ഇവ കണ്ടെത്തിയത്. ഇത് ഏതെങ്കിലും മൃഗത്തിന്റേതാണോ എന്നും സംശയമുണ്ട്. ഇവ വിദഗ്ധ പരിശോധനക്കായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പറമ്പായി അങ്കണവാടിക്ക് സമീപം വ്യാഴാഴ്ച ജെ.സി.ബിയുടെ സഹായത്താല്‍ മണ്ണ് നീക്കി പരിശോധിച്ച സ്ഥലത്തിന്റെ തുടര്‍ച്ചയായ ഭാഗത്തെ മണ്ണ് നീക്കിയാണ് ഇന്നലെയും പരിശോധന നടത്തിയത്. പരിശോധന വൈകിട്ട് വരെ തുടര്‍ന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യു. പ്രേമന്‍, സി.ഐ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ടതായുള്ള കൃത്യമായ സ്ഥലം എവിടെയാണെന്ന വിവരം പൊലിസിനു ലഭിച്ചിരുന്നില്ല. ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സമയം സലീം നിഷാദ് തിരോധാന കേസ് സംബന്ധിച്ച് നല്‍കിയ മൊഴിയെ തുടര്‍ന്നായിരുന്നു നിഷാദ് കേസില്‍ സലീമിനെ പ്രതിചേര്‍ത്തു ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് ആരംഭിച്ചത്. 2012 ഒക്ടോബര്‍ 21 മുതലായിരുന്നു പറമ്പായി നിഷാദ് നിവാസില്‍ പ്രകാശന്റെയും മൈഥിലിയുടെയും മകന്‍ നിഷാദിനെ കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."