പുനഃപരിശോധനാ ഹരജി നല്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി സുധാകരന്
കൊച്ചി: പാലാരിവട്ടം മേല്പാലത്തില് ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹരജി നല്കുന്ന കര്യം പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. നിശ്ചിത അളവില്‍ കൂടുതല്‍ തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഭാര പരിശോധന വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മേല്‍പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തുവെന്നത് വ്യക്തമാണ്. വിജിലന്‍സ് അന്വേഷണം നിയമപരമായി മുന്നോട്ടുപോകും. ഗവര്‍ണര്‍ ഇടപെടേണ്ട വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ നിര്‍ണായക തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്. ഗവര്‍ണറുടെ അനുമതി ലഭിച്ചാലുടന്‍ മുന്‍ മന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് വിജിലന്‍സിന്റെ വെളിപ്പെടുത്തല്‍. നേരത്തെ പാലാരിവട്ടം മേല്‍പാല നിര്‍മാണ കമ്പനിയായ ആര്.ഡി.എസ് പ്രൊജക്ട്സിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഇനിയുള്ള പദ്ധതികളില്‍നിന്ന് കമ്പനിയെ ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."