വസുന്ധരക്കെതിരായ പരാമര്‍ശം; ശരത് യാദവ് മാപ്പുപറഞ്ഞു
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ ലോക് താന്ത്രിക പാര്‍ട്ടി നേതാവ് ശരത് യാദവ് മാപ്പുപറഞ്ഞു. പരാമര്‍ശത്തെ തുടര്‍ന്നു യാദവിനെതിരേ വസുന്ധര തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു.
ഈ മാസം അഞ്ചിന് ആള്‍വാറില്‍ നടന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി വസുന്ധരക്കു വിശ്രമം നല്‍കണമെന്നും അവരുടെ ശരീരത്തിനു വലിയ ഭാരമുള്ളതുകൊണ്ട് അവര്‍ ക്ഷീണിച്ചു പോകുമെന്നും ശരത് യാദവ് പറഞ്ഞിരുന്നത്. ഈ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും അവരോട് മാപ്പുചോദിക്കുന്നതായും ഇന്നലെ ശരത് യാദവ് പറഞ്ഞു.
ശരത് യാദവിന്റെ പരാമര്‍ശത്തില്‍ താന്‍ അവഹേളിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയ വസുന്ധര രാജ, സ്ത്രീത്വത്തെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ആരോപിച്ചിരുന്നു.
എന്നാല്‍, അവരെ അവഹേളിക്കാന്‍ ലക്ഷ്യംവച്ചല്ല താന്‍ അത്തരത്തില്‍ പരാമര്‍ശിച്ചതെന്നു ശരത് യാദവ് പറഞ്ഞു. മാപ്പുചോദിച്ച് അവര്‍ക്കു കത്തെഴുതുമെന്നും താമസിയാതെ നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."