'പരാജയഭീതി കാരണം ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു'
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയ ഭീതിയുണ്ടായതോടെ ബി.ജെ.പി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ്. റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടത്തുന്ന നീക്കം ബി.ജെ.പിയുടെ ആസൂത്രിതമായ നടപടികളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യം ഇന്നുവരെ ഇത്തരത്തിലുള്ള ഭീകര രാജിലേക്കു നീങ്ങിയിട്ടില്ലെന്ന് ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു. ബ്രിട്ടിഷ്‌രാജിനെതിരേ യുദ്ധം ചെയ്തവരാണ് രാജ്യത്തെ ജനങ്ങള്‍. ഇതേ രീതിയില്‍ ബി.ജെ.പിയും ശ്രമിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ടു മൂന്നു വ്യക്തികളുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
കോണ്‍ഗ്രസിനെയും അതിന്റെ ആശയത്തെയും മൂല്യത്തെയും ബി.ജെ.പി ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തി ബി.ജെ.പിക്ക് അനുകൂലമാക്കുകയാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും സിങ്‌വി ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുറംതള്ളുമെന്ന ഭീതിയാണ് ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്കുള്ളത്. ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പൊള്ളത്തരങ്ങളെയും പരാജയങ്ങളെയും മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ അവര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."