ഇന്ത്യ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് യുവാക്കള്‍: യെച്ചൂരി
കൊച്ചി: ഇന്ത്യ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് യുവാക്കളാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സെന്റ് തെരേസാസ് കോളജില്‍ കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച 'മീറ്റ് ദ ലീഡേഴ്‌സ് ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹവും രാഷ്ട്രവും എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നത് വളര്‍ന്നു വരുന്ന വിദ്യാര്‍ഥികളാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ ശബ്ദിക്കുന്ന യുവജനങ്ങളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടച്ചുപൂട്ടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജെ.എന്‍.യു ഇതിന് ഉദാഹരണമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പനക്കെതിരേ രാജ്യത്ത് നടക്കുന്ന ജനകീയ സമരങ്ങള്‍ക്കൊപ്പമാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ ബില്‍ ഉള്‍പ്പെടെ വയനാട്ടില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവം, മാവോയിസ്റ്റ് വെടിവയ്പ്, ശബരിമല തുടങ്ങി വിദ്യാര്‍ഥികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. പൗരത്വം, മൗലികാവകാശങ്ങള്‍ എന്നിവയ്ക്ക് ജാതി, മത, ലിംഗ വ്യത്യാസം പാടില്ലെന്ന് ഭരണഘടന പറയുന്നുണ്ട്. ഇതിനു വിരുദ്ധമായ പൗരത്വ ബില്ലാണ് ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ സംഭവങ്ങളില്‍ ഉള്‍പ്പെടെ നീതി ലഭിക്കാന്‍ കാലതാമസം നേരിടുമ്പോഴാണ് ഹൈദരബാദ് മോഡല്‍ പൊലിസ് വെടിവയ്പുകളുണ്ടാകുന്നത്. നീതിയെന്നത് പ്രതികാരമോ വിപ്ലവമോ അല്ല. അതുകൊണ്ട് ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജോര്‍ജ് കള്ളിവയലില്‍ മോഡറേറ്ററായി. കെ.വി തോമസ്, അഡ്വ. കെ.എല്‍ ജോസഫ്, സെന്റ് തെരേസാസ് കോളജ് ഡയറക്ടര്‍ സി. വിനീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."