ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
ബാലഭാസ്‌കറും മകളും മരിക്കാനിടയായത് അമിതവേഗത മൂലമുള്ള വാഹനാപകടമാണെന്നും ദുരൂഹതകളൊന്നുമില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിനെതിരേ ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിഗണിച്ച് ഡി.ജി.പിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബാലഭാസ്‌കറിന്റെ സമ്പാദ്യം പലരും കൈക്കലാക്കിയിരുന്നെന്നും അത്തരക്കാരുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ അര്‍ജുന്‍ സൃഷ്ടിച്ച ആസൂത്രിത അപകടമാണെന്നുമാണ് പിതാവ് ആരോപിക്കുന്നത്.സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ആസൂത്രിത അപകടമെന്ന വാദം ക്രൈംബ്രാഞ്ച് തള്ളിയിരുന്നുവെങ്കിലും ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്ത് കേസിലെ പങ്കടക്കം സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷിക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് നിലവില്‍ അന്വേഷിക്കുന്നതും സി.ബി.ഐ തന്നെയാണ്.
ബാലഭാസ്‌കറിന്റെ മറ്റൊരു സുഹൃത്തും സംഗീത ഗ്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെ കഴിഞ്ഞദിവസം ഡി.ആര്‍.ഐ സ്വര്‍ക്കടത്ത് കേസില്‍ പ്രതിചേര്‍ത്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ട ജമീല്‍ ഒളിവിലാണ്. 2019 സെപ്റ്റംബര്‍ 25 ന് കഴക്കൂട്ടം പള്ളിപ്പുറത്തുവച്ച് കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ബാലഭാസ്‌കറും മകള്‍തേജസ്വിനിയും മരണപ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ് ഭാര്യ നല്‍കിയ മൊഴി. ഇതാണ് അപകടത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കുടുംബവും അടുത്തസുഹൃത്തുക്കളും നേരത്തെ തന്നെ അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളുന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."