മരണം വരെ സംഭവിക്കുമായിരുന്നു, ഹെല്‍മെറ്റ് ഇല്ലായിരുന്നുവെങ്കില്‍; ബോധോദയമുണ്ടാക്കും പത്ര പ്രവര്‍ത്തകന്റെ കുറിപ്പ്
കരുവാരകുണ്ട്: ബൈക്ക് അപകടത്തില്‍ അല്‍ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു. നവാസ് പുക്കൂത്ത് എന്ന മാധ്യമപ്രവര്‍ത്തകനാണ് ഹെല്‍മറ്റ് ജീവന് രക്ഷിച്ച അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. കുറിപ്പ് ഇങ്ങനെ:
'നമ്മളില്‍ പലരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് പോലീസ് ചെക്കിംഗ് ഉണ്ടാകുമോ എന്ന് പേടിച്ചിട്ടാണ്. അതല്ലങ്കില്‍ ഫൈന്‍ ഇനത്തില്‍ കയ്യില്‍ നിന്നും നഷ്ടമായേക്കാവുന്ന ആയിരങ്ങളെ ഓര്‍ത്തിട്ടാകാം. നാലു വര്‍ഷം മുന്‍പ് വരെ ഈ കാഴ്ച്ചപ്പാട് മാത്രമായിരുന്നു ഞാന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ ഉണ്ടായിരുന്ന കാരണം. പിന്നീട് ബൈക്ക് ഹാന്റിലില്‍ തൂക്കിയിടുന്ന ഹെല്‍മെറ്റ് ഒരു ബുദ്ധിമുട്ടായി മാറിയപ്പോള്‍ തലയില്‍ വെച്ചു തുടങ്ങി. അപ്പോഴും ക്ലിപ് ഇടാറുണ്ടായിരുന്നില്ല.
ഒരിക്കല്‍ (കൃത്യമായി പറഞ്ഞാല്‍ 2015 ഒക്ടോബര്‍ മാസം) ദൃധിയില്‍ പാണ്ടിക്കാട് ടൗണില്‍ നടക്കുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി എന്റെ സ്‌കൂട്ടിയില്‍ പോകുമ്പോള്‍ കക്കുളം ഹൈസ്‌കൂള്‍ പടിയില്‍ പോലീസ് ചെക്കിംഗ് കണ്ടു. തലയില്‍ ക്ലിയറാണ് എന്ന കാരണവും, പോലീസുകാര്‍ക്ക് എന്നെ അറിയാമല്ലോ എന്ന ധൈര്യത്തിലും ഞാന്‍ കൂസലില്ലാതെ മുന്നോട്ട് പോയി.എന്നാല്‍ എന്നെ നന്നായി അറിയാവുന്ന കുരുവിള സര്‍ (അന്നത്തെ പോലീസ് ഡ്രൈവര്‍) എന്നെ കൂവല്‍ ശബ്ദത്തില്‍ തിരികെ വിളിച്ചു.
ക്ലിപ്പ് ഇടാതെ ഹെല്‍മെറ്റ് വെച്ചിട്ട് കാര്യമില്ല എന്ന രീതിയില്‍ അദ്ദേഹം ഒരു പാട് ഉപദേശം നല്‍കി. പിന്നീട് ക്ലിപ്പ് ഇടലും ഒരു ശീലമായി.അങ്ങനെ ബൈക്കില്‍ കയറുന്നുണ്ടോ, ഹെല്‍മെറ്റ് ധരിക്കലും, ക്ലിപ്പ് ഇടലും പതിവായി. അത് നൂറു മീറ്റര്‍ ദൂരത്തേക്കാണങ്കിലും, നൂറു കിലോമീറ്റര്‍ ദൂരത്തേക്കാണങ്കിലും. വാഹനമാണ് അപകടം എവിടെ, എങ്ങനെ, എപ്പോള്‍ വരുമെന്ന് അറിയില്ല.
ഡിസംബര്‍ എട്ടാം തിയ്യതി വീട്ടില്‍ നിന്നും കരുവാരക്കുണ്ടിലെ പാലിയേറ്റീവ് ഫുട്ബാള്‍ മേളയുടെ ഉദ്ഘാടന ചടങ്ങ് ന്യൂസെടുക്കാന്‍ ഞാന്‍ പതിവുപോലെ എന്റെ ബൈക്കില്‍ യാത്ര തിരിച്ചു. ഹെല്‍മെറ്റും ക്ലിപ്പും എല്ലാം ക്ലിയര്‍. എഞ്ചിന്‍ പണി കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമായതിനാല്‍ 40 കിലോമീറ്റര്‍ സ്പീഡില്‍ കവിഞ്ഞ് വണ്ടിയോടിക്കാന്‍ പാടുള്ളതല്ലന്ന് മെക്കാനിക്ക് നിര്‍ദ്ദേശം തന്നിരുന്നു. ചടങ്ങു തുടങ്ങാന്‍ ഒന്‍പത് മണി കഴിയുമെന്ന് കരുവാരക്കുണ്ടില്‍ നിന്ന് വിവരം ലഭിക്കുകയും ഉണ്ടായി.
അങ്ങനെ വളരെ നല്ല രീതിയില്‍ വാഹനം ഓടിച്ചു പോകുന്നതിനിടയിലാണ് തുവ്വൂര്‍ പെട്രോള്‍ പമ്പ് എത്തുന്നതിന് തൊട്ടു മുന്‍പായി എന്തോ ഒരു മൃഗത്തില്‍ തട്ടി ഒരു മുന്നറിയിപ്പോ, ധാരണയോ ഇല്ലാതെ ബൈക്കിലെ പിടിവിട്ട് ഞാന്‍ റോഡിലേക്ക് വീഴുന്നത്. മൃഗം മുന്നിലെ ടയറിലേക്ക് വേഗത്തില്‍ വന്ന് ഇടിച്ചതിനാല്‍ എന്റെ വീഴ്ച്ചയ്ക്കും വേഗത കൂടുതലായിരുന്നു. നാടന്‍ ഭാഷയില്‍ പറയുന്ന മണ്ടതലയിടിച്ചാണ് റോഡില്‍ വീണത്. ഹെല്‍മെറ്റ് ഉള്ളതിനാല്‍ തലച്ചോറ് പുറത്ത് വന്നില്ലന്ന് മാത്രമല്ല, മുടിയുള്‍പ്പെടുന്ന തലഭാഗത്ത് യാതൊരു പോറലും ഏറ്റില്ല. മണ്ടയിടിച്ച് വീണ ഞാന്‍ തനിയെ കമഴ്ന്നു (ഓട്ടോമാറ്റിക്കായി ) എത്ര വേഗത്തിലല്ലാതെ മുഖം റോഡില്‍ ഇടിച്ചും, ഹെല്‍മെറ്റിന്റെ ഗ്ലാസ് മുഖത്തു ഉരസിയുമുള്ള പരിക്കുകളേ നേരിടേണ്ടി വന്നൊള്ളൂ. വീഴ്ച്ചക്കിടയില്‍ വലത്തേ കൈ എവിടെയോ തട്ടി ചതവേല്‍ക്കുകയും ചെയ്തു. പിന്നെ അങ്ങിങ്ങായി തോലും പോയി.
ഹെല്‍മെറ്റ് ധരിച്ചില്ലായിരുന്നങ്കില്‍ ജീവന്‍ തീര്‍ച്ചയായും നഷ്ടമായേനെ..
ഹെല്‍മെറ്റ് ശീലമാക്കുക, അപകടം എങ്ങിനെയും വരാം, ഏതു രൂപത്തിലും.... കുറച്ച് നേരത്തെ ബുദ്ധിമുട്ടുകള്‍ നമ്മുടെ ജീവന്‍ തന്നെ രക്ഷിച്ചേക്കാം''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."