അമ്പലവയല്‍-വടുവഞ്ചാല്‍ റോഡ്; നന്നാക്കിയില്ലെങ്കില്‍ സര്‍വിസ് റദ്ദാക്കുമെന്ന് ബസുടമകള്‍
വടുവഞ്ചാല്‍: അമ്പലവയല്‍-വടുവഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. കുഴികള്‍ നിറഞ്ഞ റോഡിലൂടെ വാഹനമോടിച്ച് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുക അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി നിത്യേന ചെലവഴിക്കേണ്ട അവസ്ഥയാണെന്നും അതിനാല്‍ വൈകാതെ തന്നെ റൂട്ടിലെ സര്‍വിസ് നിര്‍ത്തി വെക്കേണ്ടി വരുമെന്നും ബസുടമകളുടെ സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
വര്‍ഷങ്ങളായി അമ്പലവയല്‍-വടുവഞ്ചാല്‍ റോഡിന്റെ സ്ഥിതി ദയനീയമാണ്്. ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു നടപടിയുമുണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ പൊതുമരാമത്ത് അധികൃതര്‍ ഗുരുതരമായ അലംഭാവവും വീഴ്ചയുമാണ് വരുത്തിയിരിക്കുന്നത്. വലിയ നഷ്ടം സഹിച്ചുകൊണ്ടാണ് ഈ റൂട്ടില്‍ ബസ് സര്‍വിസ് നടത്തിവരുന്നതെന്ന് ഉടമകള്‍ പറയുന്നു.
ഈ നിലയില്‍ ഇനിയും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉടമകളുടെ നിലപാട്. അധികൃതരുടെ അവഗണനക്കെതിരേ നിരവധി പ്രക്ഷോഭങ്ങള്‍ ഇതിനകം നടന്നുവെങ്കിലും ഫലമുണ്ടായില്ല. ഈ അവസ്ഥയില്‍ അധികം വൈകാതെ സര്‍വിസ് നിര്‍ത്തിവെയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ബത്തേരി താലൂക്ക് കമ്മിറ്റി ഭാരവാഹികളില്‍ ഒരാളും ബസുടമയുമായ കെ.വേണു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."