നീലേശ്വരം നഗരസഭ: തനതു ഫണ്ടിലെ കുറവ് ചൂണ്ടിക്കാട്ടി സെക്രട്ടറി; ഭരണകക്ഷിയില്‍ ഭിന്നത
നീലേശ്വരം: തനതു ഫണ്ടിലെ കുറവു മൂലം അനുഭവിക്കുന്ന സാമ്പത്തിക പരാധീനതയെക്കുറിച്ചുള്ള നഗരസഭാ സെക്രട്ടറിയുടെ പ്രസ്താവന ഭരണപക്ഷ കൗണ്‍സലര്‍മാര്‍ ഏറ്റുപിടിച്ചതോടെ ചെയര്‍മാന്‍ പിണങ്ങി. നീലേശ്വരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു ഇത്. തിരുവനന്തപുരത്തെ ഭാരത് ഭവന്‍ നഗരസഭയുമായി സഹകരിച്ചു നടത്തുന്ന മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ചെലവിനത്തില്‍ അനുവദിക്കാവുന്ന തുകയെക്കുറിച്ചു ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണു സെക്രട്ടറി കെ. അഭിലാഷ് നഗരസഭയിലെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചു വാചാലനായത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചയുടന്‍ കോണ്‍ഗ്രസ് കൗണ്‍സലര്‍ പാര്‍ട്ടി ലീഡര്‍ എറുവാട്ട് മോഹനാണു ചെലവു സംബന്ധിച്ചു സന്ദേഹം ഉന്നയിച്ചത്.
സെക്രട്ടറിയുടെ മറുപടി ഉദ്ധരിച്ച് പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായ സി.പി.എം കൗണ്‍സലര്‍ പി.വി രാമചന്ദ്രന്‍ പണത്തിന്റെ അപര്യാപ്തത ഏറ്റുപിടിച്ചതോടെ ചെയര്‍മാന്‍ ചര്‍ച്ച ഈ വഴിക്കു തിരിയുന്നതിലെ അതൃപ്തി പ്രകടിപ്പിച്ചു. സെക്രട്ടറിയുടെ പ്രസ്താവന അനവസരത്തിലെന്നു തുറന്നടിക്കുകയും ചെയ്തു.
മണ്‍സൂണ്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ പട്ടേന വാര്‍ഡ് സി.പി.എം കൗണ്‍സലര്‍ എ.വി സുരേന്ദ്രന്‍ രാമചന്ദ്രന്‍ കൗണ്‍സലര്‍ക്കു പിന്തുണയുമായി എത്തിയെങ്കിലും ചെയര്‍മാന്‍ വീണ്ടും വിലക്കി. തനതു ഫണ്ട് മാത്രമല്ല, പ്രദേശത്തിന്റെ തനതു സംസ്‌കാരം കൂടി ചര്‍ച്ചകളില്‍ നിഴലിക്കണമെന്നു റൂളിങും നല്‍കി. ഇതോടെ പ്രകോപിതരായ രാമചന്ദ്രനും സുരേന്ദ്രനും ചേര്‍ന്നു ചെയര്‍മാനെതിരേ തിരിയാന്‍ തുനിഞ്ഞെങ്കിലും കരുവാച്ചേരി വാര്‍ഡ് കൗണ്‍സലര്‍ പി.കെ രതീഷ്, ഉപാധ്യക്ഷ വി. ഗൗരി, പി.പി മുഹമ്മദ് റാഫി എന്നിവര്‍ ഇടപെട്ടു ചര്‍ച്ചയുടെ വഴി തിരിച്ചു വിട്ടു.
അല്‍പസമയത്തിനം സ്ഥിതി ശാന്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."