ഫാസിസമുക്തമാവണം രാഷ്ട്രീയപ്പാര്‍ട്ടികള്‍
ഫാസിസത്തെ തള്ളിപ്പറയാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും നമുക്കിടയിലില്ല. ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവരാണ് എല്ലാവരും. സ്വയം വിമര്‍ശനം തങ്ങളുടെ പാര്‍ട്ടിചര്യയാണെന്ന് അവര്‍ ഊറ്റംകൊള്ളുകയും ചെയ്യും. പക്ഷേ, പ്രവൃത്തിപഥത്തില്‍സാക്ഷാല്‍ മുസ്സോളിനിയെ തന്നെയും നാണിപ്പിക്കും ഇക്കൂട്ടര്‍!
ജനങ്ങള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എങ്ങനെ ചിന്തിക്കണം എന്ന് തിട്ടൂരം പുറപ്പെടുവിക്കുന്ന സംഘ്പരിവാരത്തിന്റെ ഫാസിസത്തെക്കുറിച്ച് ഇനിയും പറയേണ്ടതില്ല. ജനങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും അടിച്ചേല്‍പ്പിക്കുകയും വിയോജിക്കുന്നവരെ ശാരീരികമായി തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് അവരുടെ പ്രഖ്യാപിതനയം. പരവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രം പ്രയോഗവല്‍ക്കരിക്കുമ്പോള്‍ ഉയരുന്ന കൊലവിളികളായി അതിനെ വിലയിരുത്താം.
പക്ഷേ, അപരന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന ഒരു നല്ല നാളേക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെന്ന് അവകാശപ്പെടുന്നവര്‍പോലും മനുഷ്യനെ പച്ചക്ക് കൊല്ലാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഈ നാടിന്റെ ഗതിയെന്താവും? ആളെ കൊന്ന് ഏതെങ്കിലും വിശ്വാസസംഹിതകള്‍ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാന്‍ കഴിയുമെന്ന് സാമാന്യബുദ്ധിയുള്ള ആരും കരുതുമെന്ന് തോന്നുന്നില്ല. മറിച്ച്, അത് വര്‍ധിത വീര്യത്തോടെ ഉയര്‍ന്നുവരുക തന്നെ ചെയ്യും എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. പിന്നെയെന്തിനാണ് പരസ്പരം കൊന്നുതള്ളി ഇവര്‍ നാടിന്റെ സൈ്വര്യം കെടുത്തുന്നത്. 'പരസ്പര സഹായ യുദ്ധങ്ങള്‍' എന്ന് ഒ.വി വിജയനെപ്പോലെയുള്ളവര്‍ നിരീക്ഷിച്ച പരസ്പര സഹായ കൊലകളാണോ ഇവ?
ഏറ്റവും ഒടുവില്‍ നടന്ന തിരുവനന്തപുരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല വിലയിരുത്തുമ്പോള്‍ അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവില്ല. മെഡിക്കല്‍ കോഴയുടെ പേരില്‍ സംഘ്പരിവാര്‍ നേതാക്കള്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ നാണം കെട്ടുനില്‍ക്കുമ്പോഴാണ് സി.പി.എം അക്രമത്തിന് തുടക്കമിടുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തിന് സമീപം ഇങ്ങനെയൊരു ആക്രമണം നടക്കുന്നത് നേതൃത്വം മുന്‍കൂട്ടി അറിയാതിരിക്കില്ല. നേതൃത്വം അറിയാതെയാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഈ വിധം അഴിഞ്ഞാടിയതെങ്കില്‍ കേഡര്‍ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇതില്‍പ്പരം നാണക്കേടില്ല. അണികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍ രാജിവച്ചൊഴിയുകയാണ് വേണ്ടത്. ധാര്‍മികത മറ്റുള്ളവരോട് മാത്രം പറയേണ്ട കാര്യമല്ല. സ്വന്തം ജീവിതത്തിലും അത് ഉയര്‍ത്തിപ്പിടിച്ച് നേതാക്കള്‍ മാതൃകയാവണം.
ഇപ്പോഴത്തെ അവസ്ഥ പക്ഷേ ഏറെ പരിതാപകരമാണ്. പാര്‍ട്ടിക്കുവേണ്ടി 'ക്വട്ടേഷന്‍' ഏറ്റെടുക്കുന്ന പ്രവര്‍ത്തകരാണ് (അതോ ഗുണ്ടകളോ) നേതൃത്വത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍. അവര്‍ക്കുവേണ്ടി കേസ് നടത്താനും ഒളിത്താവളങ്ങള്‍ ഒരുക്കാനും നേതാക്കള്‍ ലക്ഷങ്ങള്‍ തന്നെ ചെലവഴിക്കും. അവര്‍ക്കായി പൊലിസ് സ്‌റ്റേഷനിലും ജയിലിലും പാര്‍ട്ടി മെഷിനറി ഉപയോഗിച്ച് പരമാവധി ഇളവുകളും ലഭ്യമാക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിവാഹത്തിന് പോയില്ലെങ്കിലും ഇവരുടെ വീടുകളില്‍ വിശേഷാവസരങ്ങളില്‍ നേതാക്കള്‍ പരിവാരസമേതം എത്തും. ഈ താന്തോന്നിത്തരം പാര്‍ട്ടി അണികള്‍ക്കും സാമാന്യജനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്തെന്ന് നേതാക്കള്‍ ചിന്തിക്കാറേയില്ല.
അക്രമികള്‍ക്ക് നേതാക്കളില്‍നിന്ന് ലഭിക്കുന്ന പരിരക്ഷയും സ്വീകാര്യതയും തന്നെയാണ് അനിഷ്ടസംഭവങ്ങള്‍ അവസാനിക്കാത്തതിന് മുഖ്യകാരണം. പഴയപോലെ സമരം ചെയ്തും പൊലിസിന്റെ തല്ലുവാങ്ങിയും നേതൃനിരയിലേക്ക് ഉയരാനല്ല, അടിച്ചും കൊന്നും വാര്‍ത്തകളില്‍ നിറയാനാണ് യുവതലമുറയുടെ ശ്രമം. സി.പി.എമ്മിലും ബി.ജെ.പിയിലും മാത്രമല്ല, അഹിംസാവാദികളായ കോണ്‍ഗ്രസിലും ഇതാണ് അവസ്ഥ. തല്ലാനും കൊല്ലാനും അന്യപാര്‍ട്ടിക്കാരെ കിട്ടിയില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരന്റെ നെഞ്ചില്‍ തന്നെ ഇവര്‍ കഠാര കുത്തിയിറക്കും. കഴിഞ്ഞ ദിവസം കെ.എസ്.യു തൃശൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റിലായത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെയും മറ്റും വെട്ടിപ്പരിക്കേല്‍പ്പിച്ചതിനായിരുന്നു.
അസഹിഷ്ണുതമൂലം അന്ധരായി അന്യന്റെ ചോരവീഴ്ത്തുന്നത് മാത്രമല്ല ഫാസിസം. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ഒന്നടങ്കം ബന്ദിയാക്കുന്നതും ഫാസിസം തന്നെയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളെ എങ്ങനെ ഫാസിസ്റ്റ് മുക്തമാക്കാം എന്ന ചിന്തയിലേക്ക് ഇനിയെങ്കിലും ജനങ്ങള്‍ ഉണരണം. എങ്കിലേ ഈ നാട് രക്ഷപ്പെടൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."