സംഘ്പരിവാര്‍ സംഘടന ഹനുമാന്‍സേന പിളര്‍ന്നു
കോഴിക്കോട്: സംഘ്പരിവാര്‍ സംഘടനയായ ഹനുമാന്‍സേന പിളര്‍ന്നു. ഇരു ചേരികളിലായ സംഘടന കോഴിക്കോട്ട് രണ്ടു വേദികളിലായി സംസ്ഥാന പ്രതിനിധി യോഗവും ചേര്‍ന്നു. ഇന്നലെ നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു ഹനുമാന്‍സേന ഭാരതിന്റെ പ്രതിനിധികളുടെ യോഗം. കേരള, തമിഴ്‌നാട് പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്.
എന്നാല്‍ സംഘടനയില്‍ നിന്ന് അച്ചടക്കലംഘനം നടത്തിയതിന് പുറത്താക്കിയവരാണ് പുതിയ സംഘടനക്കു രൂപം നല്‍കിയതെന്നാണ് ഹനുമാന്‍സേന പ്രസിഡന്റ് ഒ.എം ഭക്തവത്സലന്‍ പറയുന്നത്. പുറത്താക്കിയ ഭാരവാഹികള്‍ കടുത്ത അഴിമതി നടത്തിയതായും പലരെയും ബ്ലാക്ക്‌മെയില്‍ ചെയ്തതായും ഇവര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് കോഴിക്കോട്ട് അളകാപുരിയില്‍ അഖിലഭാരത ഹനുമാന്‍ സേനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുമെന്നും തങ്ങളുടേതാണ് യഥാര്‍ഥ ഹനുമാന്‍ സേനയെന്നും ഇവര്‍ പറയുന്നു. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി കണ്‍വന്‍ഷനാണെങ്കിലും അന്‍പതിനടുത്ത് പ്രതിനിധികള്‍ മാത്രമാണ് യോഗത്തിനെത്തിയത്. യോഗം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി വായ തുറന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമായിരുന്നിട്ടും അതിനു ശ്രമിച്ചില്ലെന്നുമായിരുന്നു വിമര്‍ശം. ആര്‍.എസ്.എസിനെതിരേയും രൂക്ഷ വിമര്‍ശനമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."