മലയാളി യുവതി ഉള്‍പ്പെട്ട കൊലപാതകക്കേസ്: യമന്‍ അധികൃതര്‍ അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് കേരള പൊലിസ്
പാലക്കാട്/സന്‍ആ (യമന്‍): യമന്‍ സ്വദേശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യമന്‍ പൊലിസ് ഔദ്യോഗികമായി കേരള പൊലിസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പാലക്കാട് ജില്ലാ പൊലിസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ പറഞ്ഞു. പ്രതിയെന്ന് പറയുന്ന കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയക്കെതിരേയാണ് യമന്‍ പൊലിസ് അന്വേഷണം നടത്തുന്നത്.
യമന്‍ സ്വദേശിയായ യുവാവിനെ 110 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ചാക്കില്‍ കെട്ടി താമസിക്കുന്ന കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ ഇട്ടകേസിലാണ് അന്വേഷണം . പ്രിയ വര്‍ഷങ്ങളായി യമനില്‍ ക്ലിനിക് നടത്തുകയാണ്. ക്ലിനിക്കിലെ ജീവനക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. യുദ്ധം നടക്കുന്ന യമനില്‍ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് യമന്‍ പൊലിസിനെ ഉദ്ധരിച്ച് യമനി മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. തൊട്ടടുത്ത ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയിലെ ഇന്ത്യന്‍ എംബസിക്കാണ് യമനിന്റെ ചുമതല. ഒരു വര്‍ഷമായി കൊല്ലപ്പെട്ട യുവാവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നതെന്നാണ് യമന്‍ പൊലിസ് നല്‍കുന്ന വിവരം.
കുടുംബസമേതം ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം എറണാകുളത്തെ സഹോദരിയുടെ കൂടെയാണ് നിമിഷപ്രിയ താമസമെന്ന് തേക്കിന്‍ചിറ നിവാസികള്‍ പറയുന്നു. കോട്ടയം സ്വദേശിയുമായി വിവാഹിതയായ നിമിഷപ്രിയ ഇടക്കിടെ അമ്മയോടൊപ്പം കൊല്ലങ്കോട്ട് വന്നിരുന്നു. അമ്മ മാത്രമാണ് രണ്ടുമാസത്തില്‍ ഒരുതവണ വീട്ടിലെത്താറുള്ളതെന്ന് പഞ്ചായത്ത് അംഗം ഷണ്‍മുഖന്‍ പറയുന്നു. നിമിഷപ്രിയയുടെ ഭര്‍ത്താവ് ഇടക്കിടെ കൊല്ലങ്കോട്ട് വരാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."