കാവനൂരില്‍ പഞ്ചായത്തംഗം രാജിവയ്ക്കാന്‍ പണം വാങ്ങിയെന്ന് ലീഗ്
അരീക്കോട്:കാവനൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗം സി.പി ഫാത്വിമ രാജി വച്ചത് പണം ലഭിച്ചത് കൊണ്ടാണെന്ന് മുസ്ലിം ലീഗിന്റെ പഞ്ചായത്ത് ഭാരവാഹി പറഞ്ഞു. 25 ലക്ഷം രൂപ രാജിവക്കുന്നതിന് മുന്‍പ് തന്നെ ഫാതിമക്ക് ലഭിച്ചിട്ടുണ്ട്. ബാക്കി തുക ഇനിയും ലഭിക്കും.
കിട്ടിയ പണം ഫാതിമ ചിലവഴിച്ചു. പണം സി.പി.എമ്മിന് തിരികെ നല്‍കുകയൊ രാജിവെക്കുകയൊ വേണമെന്ന സ്ഥിതി ഉണ്ടായപ്പോഴാണ് രാജി വെച്ചതെന്നും പഞ്ചായത്ത് ലീഗിന്റെ നേതാവ് പറഞ്ഞു. പണം വാങ്ങിയതിന് നൂറു ശതമാനം തെളിവുകള്‍ ഉണ്ട്. അത് പറയാന്‍ പ്രയാസമുണ്ട്. ലീഗിലെ പ്രശ്നങ്ങളുടെ പേരിലല്ല രാജി. മുന്‍പ് തന്നെ ഫാതിമ രാജി ഭീഷണി മുഴക്കിയിരുന്നു. യു.ഡി.എഫിലെ വൈസ് പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ചയും വോട്ടെടുപ്പും ഭഹിഷ്കരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം മറികടന്ന് ഫാതിമ പങ്കെടുത്തു.
എന്നാല്‍ പഞ്ചായത്ത് ലീഗ് നേതാവിന്റെ ആരോപണം കളവാണെന്ന് രാജിവച്ച സി.പി ഫാതിമയുടെ ഭര്താവും പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റുമായ എം.പി ഉമ്മര്‍ പറഞ്ഞു. പണം വേണമെങ്കില്‍ സി.പി.എമ്മിനോട് വാങ്ങേണ്ടതില്ലെന്നും പി.കെ ബഷീര്‍ എം.എല്‍.എ തന്നെ തുക നല്കാന് തയാറായിരുന്നതായും അദ്ധേഹം പറഞ്ഞു. കൂടെ നിന്നാല്‍ തന്റെ ഭാര്യയെ പഞ്ചായത്ത് പ്രസിഡന്റാക്കാമെന്ന് പറഞ്ഞ് സി.പി.എം നേതൃത്വം സമീപിച്ചിരുന്നു. പക്ഷെ താന്‍ നിരസിക്കുകയായിരുന്നു. കാവനൂരില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് രാജിവച്ചത്. സെപ്തംബര്‍ 12ന് യു.ഡി.എഫ് ഭരണസമിതി അധികാരത്തിലേറിയപ്പോള്‍ ഒരു മാസം കൊണ്ട് മുസ്ലിം ലീഗിലെ പ്രശ്നങ്ങള്‍ക്ക് ജില്ലാ നേതൃത്വവുമായി ആലോചിച്ച് പരിഹാരം കാണുമെന്ന് എം.എല്‍.എ പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്ന് നന്മ ഉദ്ധേശിച്ചാണ് രാജിവച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും എം.പി ഉമ്മര്‍ പറഞു. ഫാതിമ രാജിവെച്ചതോടെ ഇടതിനും വലതിനും ഒന്‍പത് വീതം അംഗങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."