സഊദിയിൽ മലയാളി യുവാവിനെ കാണാത്തായിണ്ട് മൂന്നു വർഷം പിന്നിടുന്നു
ജിദ്ദ: സഊദിയിൽ സമീഹ് എന്ന മലയാളി യുവാവിനെ കാണാതായിട്ട് മൂന്നു വർഷം പിന്നിടുന്നു. കേസിനാസ്പദമായ സംഭവം ഇങ്ങനെ. 2016 ഡിസംബർ 13 നാണ് ജോലി ചെയ്യുന്ന റിയാദ് ബത്ഹയിലെ സ്വകാര്യ ട്രാവൽസ് ഓഫിസിലേക്ക് സുഹൃത്തിന്റെ കാറോടിച്ച് മലസിൽ നിന്ന് സമീഹ് യാത്രയായത്. സന്ദർശന വിസയിലെത്തിയ മാതാപിതാക്കൾക്കും റിയാദിൽ ജോലി ചെയ്യുന്ന സഹോദരൻ സഫീറിനുമൊത്ത് ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകീട്ട് അഞ്ചു മണിക്ക് കമ്പനി ഓഫിസിലേക്ക് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് കുടുംബം അസ്വസ്ഥരായി. അന്വേഷണം തുടങ്ങി. കണ്ടവരാരുമില്ല. ഓഫിസിൽ അന്വേഷിച്ചപ്പോൾ ഉച്ചക്ക് ശേഷം അവിടേക്ക് വന്നിട്ടില്ലെന്നറിഞ്ഞു. തനിക്ക് വഴി തെറ്റിപ്പോയെന്നും ഗൂഗിൾ മാപ്പ് നോക്കി വന്നു കൊണ്ടിരിക്കുകയാണെന്നും ഓഫിസിലുള്ള തന്റെ സഹപ്രവർത്തകനെ മൊബൈലിൽ വിളിച്ച് പറഞ്ഞിരുന്നു.
പിന്നീട് മൊബൈൽ ഫോൺ ഓഫായി. കുടുംബം ഉടൻ തന്നെ പോലിസിൽ പരാതി നൽകി. റിയാദ്-ദമാം റൂട്ടിൽ 25 കിലോമീറ്റർ അകലെ വരെ സമീഹ് യാത്ര ചെയ്തതായി മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മനസ്സിലായെങ്കിലും കണ്ടെത്താനായില്ല. പലയിടങ്ങളിലും കുടുംബവും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചു. പക്ഷേ ഫലമുണ്ടായില്ല. മൂന്നു മാസത്തെ സന്ദർശന വിസ കാലാവധി കഴിഞ്ഞതോടെ മനസ്സിലാ മനസ്സോടെ കരഞ്ഞു കലങ്ങിയ കണ്ണുമായി മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങി.
കാണാതായിട്ട് മൂന്നു വർഷം പൂർത്തിയാകുമ്പോഴും സമീഹിനെ തേടി സഹോദരൻ സഫീർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. രഹസ്യാന്വേഷണ വിഭാഗം, ഗവർണർ ഓഫിസ്, ആശുപത്രികൾ, ജയിലുകൾ, പോലിസ് സ്‌റ്റേഷനുകൾ, ആഭ്യന്തര മന്ത്രാലയം, ഇന്ത്യൻ എംബസി തുടങ്ങി സഫീർ ഇനി കയറിച്ചെല്ലാൻ ബാക്കി സ്ഥലങ്ങളൊന്നുമില്ല. ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. കഴിഞ്ഞയാഴ്ച റിയാദ് ഗവർണറേറ്റിലും അവിടെ നിന്നുള്ള നിർദേശമനുസരിച്ച് രഹസ്യാന്വേഷണ വിഭാഗത്തിലും കൂടപ്പിറപ്പിന്റെ വിവരങ്ങൾ തേടി സഫീറെത്തി. കൂടെ സഹായത്തിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും. പോലിസും ബന്ധപ്പെട്ട വകുപ്പുകളും സമഗ്രമായ അന്വേഷണം തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. സർക്കാർ സിസ്റ്റങ്ങളിൽ കാൺമാനില്ല എന്ന സ്റ്റാറ്റസിലാണ് സമീഹ് ഇപ്പോഴുള്ളത്.
സമീഹിനെ കുറിച്ചോ അദ്ദേഹം സഞ്ചരിച്ച ടി.ബി.ജെ 5642 വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് അക്‌സന്റ് കാറിനെ കുറിച്ചോ പ്രതീക്ഷാവഹമായ ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. കാണാതാകുന്നതിന്റെ ഒന്നര വർഷം മുമ്പാണ് ഇദ്ദേഹം റിയാദിലെത്തിയത്. അവിവാഹിതനാണ്.
അതേ സമയം തങ്ങളുടെ കൺമുന്നിൽനിന്ന് കാണാമറയത്തേക്ക് അകന്നു പോയ മകനെ അന്വേഷിച്ച് ഒരു കുടുംബം മുട്ടാത്ത വാതിലുകളില്ല. സഊദിയിലും നാട്ടിലുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും അറിയിച്ചിട്ടും ദുരൂഹമായി തുടരുന്ന മകൻ സമീഹിന്റെ തിരോധാനത്തിൽ കണ്ണീർ വാർത്ത് കഴിയുകയാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ പുത്തൻപുര വയലിൽ അബ്ദുല്ലത്തീഫ്-സക്കീന ദമ്പതികൾ. മകൻ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നത്.
അതിനിടെ തന്റെ അനിയനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0500120890 നമ്പറിൽ ബന്ധപ്പെടണമെന്ന് സഫീർ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."