രാമക്ഷേത്ര നിര്‍മാണം ,'ഭീഷണിസമ്മേളന'വുമായി വി.എച്ച്.പി
യു.എം മുഖ്താര്‍#
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയും ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും ഡല്‍ഹിയില്‍ വി.എച്ച്.പിയുടെ സമ്മേളനം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടു രാംലീലാ മൈതാനിയിലാണ് ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത സമ്മേളനം നടന്നത്.
രാമക്ഷേത്ര നിര്‍മാണത്തിനായി കഴിഞ്ഞ മാസം അയോധ്യയിലും വി.എച്ച്.പി റാലി നടത്തിയിരുന്നു. ഡിസംബര്‍ 11നു രാമക്ഷേത്ര നിര്‍മാണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പുതന്നതായി അന്നു വി.എച്ച്.പി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര വിഷയം ചര്‍ച്ചയാക്കി രാജ്യതലസ്ഥാനത്തു സമ്മേളനം സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നു സമ്മേളനത്തില്‍ സംസാരിച്ച ആര്‍.എസ്.എസ് ഉപമേധാവി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. ഏതെങ്കിലും വ്യക്തിയെയോ പാര്‍ട്ടിയെയോ പേരെടുത്തു പറയാതെയാണ് ജോഷിയുടെ പ്രസ്താവന. അധികാരത്തിലുള്ളവര്‍ രാമക്ഷേത്ര നിര്‍മാണം സാധ്യമാക്കുമെന്നു വാക്കുതന്നവരാണ്. ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം നിറവേറ്റാനും അധികാരത്തിലുള്ളവര്‍ തയാറാകണമെന്നും രാമരാജ്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശീതകാല സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ബില്‍ പാസാക്കണമെന്നു വി.എച്ച്.പി അധ്യക്ഷന്‍ അലോക് കുമാര്‍ ആവശ്യപ്പെട്ടു. ഇതിനെ രാഹുല്‍ഗാന്ധി പിന്തുണക്കണമെന്നും രാഹുലിന്റെ പേരു പരാമര്‍ശിക്കാതെ അലോക് കുമാര്‍ ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ സംസാരിച്ച മിക്ക സംഘ്പരിവാര്‍ നേതാക്കളും ഭീഷണിയുടെയും വെല്ലുവിളിയുടെയും സ്വരത്തിലാണ് സംസാരിച്ചത്.
മുസ്‌ലിംകള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാബരി മസ്ജിദിനുമേലുള്ള അവകാശം ഉപേക്ഷിക്കണമെന്നായിരുന്നു വി.എച്ച്.പി നേതാവ് ഹന്‍സ്ദയാല്‍ മഹാരാജിന്റെ ഭീഷണി. രാമക്ഷേത്രം വേണ്ടെന്നു പറയുന്ന നേതാക്കളുണ്ടെങ്കില്‍ അവര്‍ ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ടുവരൂവെന്നു മറ്റൊരു വി.എച്ച്.പി നേതാവും വെല്ലുവിളിച്ചു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയും പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ അറിയപ്പെട്ട സന്യാസിനിയുമായ സാധ്വി ഋതംബരയ്ക്കാണ് സമ്മേളനത്തില്‍ കൂടുതല്‍ കൈയടി ലഭിച്ചത്. രാമന്റെ ജന്‍മസ്ഥലത്ത് ഒരു ക്ഷേത്രം വേണ്ടേയെന്നും രാമന്‍ എന്നും താല്‍ക്കാലിക കെട്ടിടത്തില്‍ കഴിഞ്ഞാല്‍ മതിയോയെന്നും അവര്‍ ചോദിച്ചു.
സമ്മേളനം പ്രമാണിച്ചു രാംലീലാ മൈതാനിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്നലെ ഗതാഗതം നിരോധിച്ചിരുന്നു. ഇതോടെ രാംലീലാ മൈതാനിക്കടുത്തുള്ള ജി.ബി പാന്ത് പോലുള്ള പ്രധാന ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ വാളുകളടക്കമുള്ള ആയുധങ്ങളും പിടിച്ചാണ് സമ്മേളനത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."