അഭയാര്‍ഥികള്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍: ടീസ്റ്റ സെതല്‍വാദ്
കോഴിക്കോട്: എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവരാണ് അഭയാര്‍ഥികളെന്നും അവരോട് ദയാപൂര്‍വം പെരുമാറേണ്ടത് നമ്മുടെ കടമയാണെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെയും ഡല്‍ഹിയിലെ യു.എസ് പീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
റോഹിംഗ്യകള്‍ ഉള്‍പ്പെടെ 28 രാജ്യങ്ങളില്‍ നിന്നെത്തിയ വിവിധ വിഭാഗം അഭയാര്‍ഥികള്‍ രാജ്യത്തുണ്ട്. കശ്മിരി പണ്ഡിറ്റുകളായാലും ശ്രീലങ്കന്‍ തമിഴ് വംശജരായാലും അഭയാര്‍ഥികള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തന്നെ. 38 വര്‍ഷം അവര്‍ക്കായി സംസാരിക്കുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പിന്‍ബലത്തിലാണ് ഇതു പറയുന്നത്. കേരളം പോലെ സുന്ദരവും സുഭിക്ഷവുമായ ഒരു സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് അത് എളുപ്പത്തില്‍ മനസിലാവില്ല- അവര്‍ പറഞ്ഞു.
അഭയാര്‍ഥികള്‍ക്ക് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഇല്ല. എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടവരും എല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ മാത്രമായി പലായനം ചെയ്തവരുമാണ് അവര്‍. അതിനാല്‍ അവര്‍ക്കെതിരേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്നതു തന്നെ ക്രൂരതയാണ്. അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ ലക്ഷ്യത്തിനെതിരാണ്. കോടതികളും നിയമവും നീതിയും നടപ്പാക്കുന്നതോടൊപ്പം സാധാരണക്കാരുടെ അവകാശങ്ങളും പരിഗണിക്കണം. തന്നോടൊപ്പം അഭയാര്‍ഥികള്‍ക്കിടയില്‍ ഏതാനും ദിവസം പ്രവര്‍ത്തിച്ച 13 കുടുംബശ്രീ അംഗങ്ങളെ ടീസ്റ്റ പ്രകീര്‍ത്തിച്ചു.
കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിതാ രാജന്‍ അധ്യക്ഷയായി. യു.എസ് പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉബൈസ് സൈനുല്‍ ആബിദീന്‍, സി.ഡി.എസ് പ്രോജക്ട് ഓഫിസര്‍ എം.വി റംസി ഇസ്മായില്‍, രശ്മിത ആര്‍. ചന്ദ്രന്‍, പി.എം ആതിര, ടി. ഗിരീഷ് കുമാര്‍, ടി.കെ ഗീത, ഒ. രജിത, എന്‍. ജയശീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."