പാണ്ടിക്കാട് അന്താരാഷ്ട്ര നിലവാരത്തില്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്
മലപ്പുറം: വിദ്യാര്‍ഥികളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയ്ക്ക് അനുവദിച്ച അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പാണ്ടിക്കാട്ട് ഉദ്ഘാടനത്തിന് തയാറായി. പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം അനുവദിച്ച ഒരേക്കര്‍ സ്ഥലത്ത് 25,000 ചതുശ്രയടിയിലാണ് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പരിശീലനകേന്ദ്രംപൂര്‍ത്തിയായത്. ഒരേ സമയം മുന്നൂറില്‍പരം പേര്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ളതാണ് കേന്ദ്രം. എ.ഡി.ബി സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 13 കോടിയോളം രൂപ ചെലവഴിച്ചാണ് കേന്ദ്രത്തിന്റെ നിര്‍മാണം. ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന ഒന്‍പത് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെടുന്നത് പാണ്ടിക്കാട്ടെ ഈ കേന്ദ്രമാണ്.
ഹൈദരാബാദ് ആസ്ഥാനമായ അപ്പോളോ മെഡ് സ്‌കില്‍സ് എന്ന കമ്പനിയാണ് തൊഴില്‍ നൈപുണ്യ ക്ലാസിനെത്തുന്നവര്‍ക്ക് പരിശീലനം നല്‍കുക. ജില്ലയിലെ സാമൂഹിക സാമ്പത്തിക സ്ഥിതി പഠന വിധേയമാക്കി അനുയോജ്യമായ കോഴ്‌സുകള്‍ കേന്ദ്രത്തില്‍ ആരംഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച നിലവാരത്തില്‍ സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് പാര്‍ക്ക് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ബിനീഷ് ജോര്‍ജ് പറഞ്ഞു.
സ്‌കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കണ്‍വീനറായി ഭരണ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടാമത്തെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുറ്റിപ്പുറത്ത്് കെല്‍ട്രോണിന്റെ കൈവശമുള്ള സ്ഥലത്ത് സ്ഥാപിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."