യൂനിഫോമും നെയിം ബാഡ്ജും ധരിക്കുന്നില്ല നിയമം കാറ്റില്‍ പറത്തി സ്വകാര്യ ബസ് ജീവനക്കാര്‍
കൊച്ചി: മോട്ടോര്‍വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യബസ് ജീവനക്കാര്‍. സ്വകാര്യബസിലെ കണ്ടക്ടര്‍ ക്ലീനര്‍ ഡ്രൈവര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ബസ് ജീവനക്കാര്‍ ധരിക്കേണ്ട യുനിഫോം ഉള്‍പ്പെടെ പല നിയമങ്ങളും നിലവിലുണ്ടെങ്കിലും ഇതൊന്നും പാലിക്കാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തയാറാകുന്നില്ല. ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ നിര്‍ബന്ധമായും യൂനിഫോം ധരിക്കണമെന്നാണ് നിയമം. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് കാക്കിയും ക്ലീനര്‍ക്ക് ഇളം നീല നിറത്തിലുള്ള യുനിഫോമുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ കണ്ടക്ടര്‍ ക്ലീനര്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് വായിക്കാന്‍ പറ്റുന്ന രീതിയില്‍ തങ്ങളുടെ പേര് രേഖപ്പെടുത്തിയ നെയിംബോര്‍ഡ് ധരിക്കണമെന്നും നിയമമുണ്ട്. എന്നാല്‍ ഇതൊന്നും ഭൂരിപക്ഷം ബസ് ജീവനക്കാരും പാലിക്കാറില്ല. പ്രധാന നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ചില ബസുകളിലെ ജീവനക്കാരില്‍ ചിലര്‍ മാത്രമാണ് യൂനിഫോം ധരിക്കാനെങ്കിലും തയാറാകുന്നത്. ഇവരും നെയിംബോര്‍ഡ് ധരിക്കാറില്ല.
നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷ വളരെ കുറവായതും ഇത്തരക്കാര്‍ക്ക് സഹായകരമാകുന്നു. യുനിഫോമും നെയിംബോര്‍ഡും ധരിക്കാതെ പിടിക്കപ്പെട്ടാല്‍ നൂറു രൂപ പിഴയടച്ചാല്‍ മതി. ബസുകളില്‍ പിരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും ഇക്കൂട്ടര്‍ക്ക് സഹായകരമാകുന്നു. യാത്രക്കാരോട് പ്രത്യേകിച്ച് വിദ്യാര്‍ഥികകളോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ജീവനക്കാര്‍ നെയിംബോര്‍ഡ് ധരിക്കണെന്ന് നിയമം മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയത്. തങ്ങളോട് മോശമായി പെരുമാറുന്നയാളുടെ പേര് തിരിച്ചറിയാനും അതുവഴി അവര്‍ക്കെതിരെ പരാതിനല്‍കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്നതിനാലാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇതുരെ നെയിബോര്‍ഡ് ധരിച്ച് ജോലിചെയ്യാന്‍ ജീവനക്കാര്‍ തയാറായിട്ടില്ല. പരിശോധന കര്‍ശനമാക്കിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാവിഭാഗം ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്.
ശിക്ഷയുടെ കാഠിന്യം കുറഞ്ഞതാണ് നിയമലംഘനം വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."