പ്രകൃതിസംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് ചിത്രകാരന്മാരുടെ കൂട്ടായ്മ
തൃക്കരിപ്പൂര്‍: ഇടയിലെക്കാട്ടിലെ പച്ചപ്പുകളും, വലിയപറമ്പ കായലിലെ വര്‍ണ ഭംഗിയും കാന്‍വാസില്‍ ഓളംതീര്‍ത്ത് ചിത്രകാര്‍ കേരളയുടെ കാവ് ചിത്രകലാ ക്യാംപ് നവ്യാനുഭമായി. കാവിന്റെയും കായലിന്റെയും ദൃശ്യചാരുത ക്യാന്‍വാസില്‍ പകര്‍ത്തി പ്രകൃതിസംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് ചിത്രകാരന്മാരുടെ കൂട്ടായ്മ. ചിത്രകാരന്‍മാരെ ഒരു കുടക്കീഴില്‍ അണിചേര്‍ത്തുള്ള ചിത്രകാര്‍ കേരളയുടെയും ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇടയിലെക്കാട് ഗ്രാമത്തില്‍ സംഘടിപ്പിച്ച കാവ് ചിത്രകലാ ക്യാംപിലാണ് ഇടയിലെക്കാട് ഗ്രാമത്തിന്റെ പ്രകൃതിഭംഗി വരകളിലും വര്‍ണങ്ങളിലും നിറഞ്ഞു നിന്നത്. കേരളത്തിലെ ഏറ്റവും വിസ്തൃതമായ തീരദേശക്കാവുകളിലൊന്നായ ഇടയിലെക്കാട് കാവിന്റെ ജൈവസമ്പന്നതയുടെ അടയാളങ്ങളായ വള്ളിപ്പടര്‍പ്പുകള്‍ തൊട്ട് വടവൃക്ഷങ്ങള്‍ വരെ കെട്ടുപിണഞ്ഞു കിടന്ന് ചിത്രങ്ങള്‍ക്ക് മിഴിവേകി. കവ്വായിക്കായലിന്റെ അപാര ദൃശ്യഭംഗിയും ദൂരെ ഹരിതമേലാപ്പണിഞ്ഞു നില്‍ക്കുന്ന ഏഴിമലയും കായല്‍പ്പരപ്പിനു മീതെ ചിറകടിച്ചുയരുന്ന നീര്‍ പക്ഷികളും മരണം കാത്തുനില്‍ക്കുന്ന കണ്ടല്‍ക്കാടുകളുടെ ദുരിതചിത്രങ്ങളും ക്യാംപിനെ പുതിയ അര്‍ത്ഥ തലങ്ങളിലെത്തിച്ചു. കായലിലേക്ക് വിനോദ സഞ്ചാരികളും തദ്ദേശ വാസികളും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീകര ചിത്രങ്ങളും കലാകാരന്‍മാര്‍ ക്യാന്‍വാസില്‍ പകര്‍ന്നു. മണ്‍മറയുന്ന ഭൂമിയുടെ പച്ചപ്പിനെ അടയാളപ്പെടുത്തുന്നതോടൊപ്പം ചിത്രങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് പാരിസ്ഥിതിക ചിന്തയുടെ വിത്തുകളെറിയുക എന്നതും ചിത്രകലാ ക്യാംപിന്റെ ലക്ഷ്യമാണ്. ചിത്രകാര്‍ കേരളയുടെ മൂന്നാമത് പ്രകൃതി ചിത്രകലാ ക്യാംപാണ് ഇടയിലെക്കാട്ടില്‍ നടന്നത്. ചിത്രകാരന്‍മാരായ രാജേന്ദ്രന്‍ പുല്ലൂര്‍, വിനോദ് അമ്പലത്തറ എന്നിവരാണ് ക്യാംപ് ഡയരക്ടര്‍മാര്‍. ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ നവോദയഗ്രന്ഥാലയം സെക്രട്ടറി പി. വേണുഗോപാലന്‍, പ്രസിഡന്റ് പി.വി പ്രഭാകരന്‍, വലിയപറമ്പ് പഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍, എം. ബാബു, കെ. ഇഖ്ബാല്‍, കെ.വി കുഞ്ഞികൃഷ്ണന്‍, എ. സുമേഷ് സംസാരിച്ചു. നിരവധി ചിത്രകാരന്‍മാര്‍ ചിത്രങ്ങള്‍ വരയ്ക്കാനെത്തി. ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും ക്യാംപിന്റെ ഭാഗമായി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."