ഗര്‍ഭിണികള്‍ക്ക് പേടി സ്വപ്നമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി; ഇവിടെ കാശില്ലെങ്കില്‍ മരണം
കൊട്ടാരക്കര: സര്‍ക്കാര്‍ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഭരണാധികാരികള്‍ ആവര്‍ത്തിക്കുമ്പോഴും കൊട്ടാരക്കര താലൂക്ക് ആശുപത്രി ഗര്‍ഭിണികള്‍ക്കും ബന്ധുക്കള്‍ക്കും പേടി സ്വപ്നമായി മാറുന്നു. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ഗര്‍ഭ ചികിത്സയ്ക്കിടെ ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം അമ്മയോ കുഞ്ഞോ മരിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഏറ്റവും ഒടുവിലത്തേതാണ് പ്രസവത്തിനായി എത്തിയ യുവതിയെ മടക്കി അയയ്ക്കുകയും അവര്‍ വീട്ടില്‍ പ്രസവിക്കുകയും ചെയ്ത സംഭവം.
ഉമ്മന്നൂര്‍ സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബന്ധുക്കളോടൊപ്പം ആശുപത്രിയിലെത്തിയത്. ഇവരെ പരിശോധിച്ച ശേഷം ഡോക്ടര്‍ വീട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ യുവതി വൈകിട്ട് 5 മണിയോടെ പ്രസവിച്ചു. ഇവരുമായി വീണ്ടും ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ രോഷാകുലരായി. പൊലിസ് ഇടപെട്ടാണ് ആശുപത്രിയിലെ സംഘര്‍ഷാവസ്ഥ ശാന്തമാക്കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വകുപ്പ്തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ പോലെ ഇതും പ്രഹസനമായി മാറുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
2015ല്‍ ആനക്കോട്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പ്രസവത്തിനിടെ കുട്ടി മരിച്ചിരുന്നു. പ്രസവവേദന അനുഭവപ്പെട്ടിട്ടും ഓപ്പറേഷന്‍ നടത്താതെ തിയതി നീട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് കുഞ്ഞ് ഗര്‍ഭത്തില്‍ തന്നെ മരിക്കുകയായിരുന്നു. പിന്നീട് ഓപ്പറേഷന്‍ നടത്തി മരിച്ച കുഞ്ഞിനെ പുറത്തെടുക്കുകയാണ് ഉണ്ടായത്. ചികിത്സയ്ക്ക് ഡോക്ടറുടെ അനാസ്ഥമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ചികിത്സയ്ക്കിടെ അമ്മയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പ്രസവ മുറിയില്‍ കയറ്റി എനിമ നല്‍കിയ ശേഷം യഥാസമയം ഓപ്പറേഷന്‍ നടത്താതിരുന്നതാണ് ഈ ദാരുണ സംഭവത്തിന് കാരണമായി ചൂണ്ടി കാട്ടുന്നത്. എനിമ നല്‍കിയ വനിതാ ഡോക്ടര്‍ സ്വകാര്യ പ്രാക്റ്റീസിനിടയിലാണ് ആശുപത്രിയില്‍ എത്തിയതെന്നും പിന്നീട് ഇവര്‍ സ്ഥലം വിട്ടതായും ബന്ധുക്കള്‍ പറയുന്നു.
2016ല്‍ തന്നെ ഓപ്പറേഷനിലെ അനാസ്ഥ മൂലം അമിത രക്തസ്രാവമുണ്ടായ ഗര്‍ഭിണിയെ പിന്നീട് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് രക്ഷപെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ചികിത്സാ പിഴവുമൂലം അമ്മ മരിക്കുകയു കുട്ടി രക്ഷപ്പെടുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അനസ്‌ത്യേഷ്യയിലെ പിഴവാണ് ഈ സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രസവ മുറിയില്‍ കയറ്റി അനസ്‌ത്യേഷ്യ നല്‍കിയ ശേഷം വനിതാ ഡോക്ടര്‍ പുറത്ത് പോയി. ഓപ്പറേഷന്‍ കഴിഞ്ഞ് കുട്ടിയെ പുറത്തെടുത്ത് ഏറെ സമയം കഴിഞ്ഞിട്ടും യുവതിയുടെ ബോധം തെളിയാതിരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ 4 ദിവസം ചികിത്സ നല്‍കിയെങ്കിലും മാവടി സ്വദേശിനിയായിരുന്ന അമ്മ മരിക്കുകയായിരുന്നു.
മൂന്ന് സ്ത്രീരോഗ വിദഗ്ധ ചികിത്സകരാണ് താലൂക്ക് ആശുപത്രിയില്‍ ഉള്ളത്. ഇവരെല്ലാം ആശുപത്രിയുടെ ചുറ്റുവട്ടത്ത് തന്നെ വീട് വാടകയ്‌ക്കെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നവരാണ്. ഇവരുടെ വീട്ടില്‍ ചികിത്സയ്ക്ക് എത്താത്തവരെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതായാണ് പരാതി. ഓപ്പറേഷനും ചികിത്സയ്ക്കുമെല്ലാം നിശ്ചിത തുക പടിയായിയുണ്ട്. ഇത് മുന്‍കൂറായി കിട്ടിയില്ലെങ്കില്‍ അവഗണന നേരിടേണ്ടി വരും. ചില ഗൈനക്കോളജി ഡോക്ടര്‍മാരാകട്ടെ പ്രസവ ശേഷം മാത്രമേ പടിത്തുക കൈപ്പറ്റാറുള്ളു. ഒരു യുവതി ഗര്‍ഭിണിയാണെന്ന് സ്ത്രീരോഗ വിദഗ്ദ പറയുന്നത് മുതല്‍ പ്രസവം വരെ പടിപടിയായി പണം നല്‍കികൊണ്ടിരിക്കണം. 500ല്‍ തുടങ്ങി 2500ലാണ് പലഘട്ടങ്ങളിലായി പണം നല്‍കല്‍ അവസാനിപ്പിക്കുക. ഈ സംഭവങ്ങള്‍ക്കെല്ലാം ഏറ്റവും കൂടുതല്‍ പരാതി വന്നിരിക്കുന്നത് ആശുപത്രിയില്‍ കുറച്ചുകാലമായുള്ള വനിതാ ഡോക്ടറെക്കുറിച്ചാണ്. ഇവിടെ പ്രസവ ചികിത്സയ്‌ക്കെത്തുന്നവര്‍ തൂപ്പുകാര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്കെല്ലാം കൈമടക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. നിശ്ചിത തുക ചോദിച്ചുവാങ്ങാനും ഇക്കൂട്ടര്‍ മടിക്കാറില്ലെന്നാണ് രോഗികള്‍ പറയുന്നത്.
സുഖ പ്രസവത്തെക്കാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പ്രസവ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് താല്പര്യം ഓപ്പറേഷനാണെന്നാണ് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാരും ഇവിടം വിട്ടുപോകാന്‍ താല്പര്യപ്പെടാറില്ല. ജനറല്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെട്ടാല്‍ ഉന്നതങ്ങളില്‍ സ്വാധീനിച്ച് ദിവസങ്ങള്‍ക്കകം മടങ്ങിയെത്തുകയും ചെയ്യും. ഇത്രയേറെ ദാരുണ്യ സംഭവങ്ങള്‍ ഉണ്ടായിട്ടും ഒരാളെപ്പോലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രസവ ചികിത്സയ്ക്കിടെ ദുരവസ്ഥയുണ്ടാകുന്ന ബന്ധുക്കള്‍ താഴെ തട്ടുമുതല്‍ ഉന്നതങ്ങളില്‍ വരെ പരാതികള്‍ നല്‍കുന്നുണ്ട്. ആശുപത്രിക്ക് മുന്നില്‍ പലതവണ പ്രതിഷേധങ്ങളും സമരങ്ങളും സംഘര്‍ഷങ്ങളും നടന്നു. എല്ലാ പരാതികളും അട്ടിമറിക്കപ്പെടുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സാധാരണക്കാര്‍ പ്രസവ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിപ്പോള്‍ ഇവര്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോള്‍ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."