പരുക്കേറ്റ കുട്ടിയെ വഴിയിലുപേക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
പാലക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇടിച്ച വാഹനത്തില്‍ കയറ്റിയ ശേഷം ആശുപത്രിയിലേക്കുള്ള വഴി മധ്യേ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലരക്ക് കൈതകുഴിയിലുണ്ടായ സംഭവത്തിലാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
റോഡരികില്‍ നിന്ന അപ്പുപിള്ളയൂര്‍ എ. യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സുജിത്തി(13) നെയാണ് പുത്തനത്താണി സ്വദേശി അബ്ദുല്‍ നാസര്‍ ഓടിച്ച കാര്‍ ഇടിച്ചത് . ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസിയായ ഒരാള്‍ക്കൊപ്പം അബ്ദുള്‍ നാസര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കാറിന്റെ ടയര്‍ തകരാറാണെന്ന് പറഞ്ഞ് ഇവരെ വഴിയിലിറക്കി. തുടര്‍ന്ന് പ്രദേശവാസി കുട്ടിയെ ചിറ്റൂരിന് സമീപം നാട്ടുകല്ലിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ താമസിച്ചതിനാല്‍ കുട്ടി മരിച്ചു. അബ്ദുല്‍ നാസറിനെ പിന്നീട് കസബ പൊലിസ് അറസ്റ്റ് ചെയിരുന്നു.
പാലക്കാട് ജില്ലാകലക്ടറും ജില്ലാ പൊലിസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."