ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ മിനിലോറി ഇടിച്ചു ഡ്രൈവര്‍ക്ക് പരുക്ക്
പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഇടമണ്‍-34ല്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസില്‍ പച്ചക്കറിയുമായി എത്തിയ മിനി ലോറി ഇടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ തിരുനെല്‍വേലി സ്വദേശി ആറുമുഖന്‍(48)ഗുരുതരമായി പരുക്കേറ്റു. കാലൊടിഞ്ഞ ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം തിരുനെല്‍വേലി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം പുലര്‍ച്ചെ 4.30ന് ഇടമണ്‍ 34-ലെ മത്സ്യ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ പച്ചക്കറി ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ലോറി റോഡിലേക്ക് മറിഞ്ഞു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലോറിയുടെ സ്റ്റിയറിങ്ങില്‍ കുരുങ്ങിക്കിടന്ന ഡ്രൈവറെ ഒരു മണിക്കൂര്‍ പണിപ്പെട്ടു പുറത്തെടുത്തത്. സംഭവമറിഞ്ഞ് തെന്മല പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. തുടര്‍ന്നു നാട്ടുകാര്‍ റോഡില്‍ ചിതറിവീണ പച്ചക്കറികള്‍ പാതയോരത്തേക്കു മാറ്റുകയും ക്രെയിന്‍ ഉപയോഗിച്ച് രണ്ടു വാഹനങ്ങളും നീക്കം ചെയ്യുകയും ചെയ്തു. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ മൂന്നു മണിക്കൂര്‍ ഗതാഗതം മുടങ്ങി. അപകടം പതിവായ ഇവിടെ ഒരാഴ്ച മുന്‍പ് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്ത ശേഷം സമീപത്തെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ച് കയറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."