പൗരത്വ ബിൽ: ഭരണഘടനാ വിരുദ്ധവും മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നതും- പി.കെ ബഷീർ എം.എൽ.എ
ജിദ്ദ: ഒന്നിച്ചു നിന്നിരുന്ന ഇന്ത്യക്കാരെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് ഇന്ത്യയെ നശിപ്പിക്കുന്ന ഒന്നാണ് പൗരത്വ ബിൽ എന്ന് പി.കെ ബഷീർ എം.എൽ.എ ജിദ്ദയിൽ പറഞ്ഞു. ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി, ജിദ്ദ - ഷറഫിയ കെ എം സി സി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സീതിഹാജി അനുസ്മരണവും സ്വീകരണ പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ വിരുദ്ധമായ പൗരത്വ ബില്ലും അതിനെ തുടർന്ന് വരുന്ന മറ്റു ജനവിരുദ്ധ ബില്ലുകൾക്കുമെതിരെ സമാനമനസ്കരായവരെയും കൂട്ടുപിടിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകുന്നതിനും മുസ്ലിം ലീഗ് തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ ഈ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയിട്ടുള്ളത് മുസ്ലിം ലീഗാണെന്നും അതിൽ അഭിമാനമുണ്ടെന്നും എംപിമാർ അവർക്ക് ചെയ്യാൻ പറ്റുന്നതിൻ്റെ പരമാവധി പാർലമെന്റിൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എം സി സി ജിദ്ദാ സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് വിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. സീതിഹാജി അനുസ്മരണ പ്രഭാഷണം ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട്, ഭാരവാഹികളായ നിസ്സാം മമ്പാട്, ഇസ്മായിൽ മുണ്ടക്കുളം, ഇൽയാസ് കല്ലിങ്ങൽ, മുസ്തഫ വാക്കാലൂർ, സുൽഫീക്കർ ഒതായി സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കാവനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ശരീഫ് ചെരങ്ങാകുണ്ടിന് ഏറനാട് മണ്ഡലവും കാവനൂർ പഞ്ചായത്തും യാത്രയയപ്പ് നൽകി. മണ്ഡലം ജനറൽ സെക്രട്ടറി പി. സൈദലവി കുഴിമണ്ണ സ്വാഗതം പറഞ്ഞു. സുനീർ ഏക്കപറമ്പ് ഖിറാഅത്തും വെല്ലയിൽ അബൂബക്കർ അരീക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."