കരിപ്പൂരിലേക്ക് കൂടുതല്‍ വിദേശ വിമാന സര്‍വിസുകള്‍
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് സര്‍വിസിനൊരുങ്ങി കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ രംഗത്ത്. ജനുവരിയില്‍ സഊദി എയര്‍ലൈന്‍സ് സര്‍വിസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഫെബ്രുവരിയില്‍ ദുബൈയിലേക്ക് ഫ്‌ളൈ ദുബൈയും സര്‍വിസ് ആരംഭിക്കും.
കഴിഞ്ഞ അഞ്ചുമുതല്‍ സഊദി എയര്‍ലൈന്‍സ് സര്‍വിസ് ആരംഭിച്ചെങ്കിലും ആഴ്ചയില്‍ ഏഴ് സര്‍വിസുകളാണു നടത്തുന്നത്. ഇതാണ് ജനുവരിയില്‍ വര്‍ധിപ്പിക്കുന്നത്. ജിദ്ദയിലേക്കുള്ള സര്‍വിസ് കൂട്ടാനാണു നീക്കം. നിലവില്‍ ആഴ്ചയില്‍ നാല് സര്‍വിസുകളാണ് ജിദ്ദയിലേക്കുള്ളത്. ഫ്‌ളൈ ദുബൈ ബജറ്റ് വിമാന സര്‍വിസുകളാണ് കരിപ്പൂരിലേക്ക് ആരംഭിക്കുന്നത്.
ദിനേന ഓരോ സര്‍വിസുകള്‍ ഫെബ്രുവരിയില്‍ തുടങ്ങും. ഇതോടെ കരിപ്പൂരിലെത്തുന്ന ഏഴാമത്തെ വിദേശ വിമാന കമ്പനിയാകും ഫ്‌ളൈ ദുബൈ.
കമ്പനി പ്രതിനിധി സംഘം കരിപ്പൂരിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയിട്ടുണ്ട്. ഫ്‌ളൈ ദുബൈ എയര്‍നോട്ടിക്കല്‍ സര്‍വിസ് മാനേജര്‍ സൈമണ്‍ ബ്രിഗ്രിഗ്, ഏവിയേഷന്‍ സെക്യൂരിറ്റി മാനേജര്‍ അബ്രിയാന്‍ ലൂക്കാസ്, സെക്യൂരിറ്റി വിഭാഗം മാനേജര്‍ മാങ്കേഷ് കുല്‍ക്കര്‍ണി തുടങ്ങിയവരടങ്ങിയ സംഘമാണ് വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തിയത്. 188 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് ഉപയോഗിക്കുക.
രാത്രി 2.15ന് ദുബൈയില്‍നിന്നെത്തുന്ന വിമാനം പുലര്‍ച്ചെ 3.15നു യാത്രക്കാരുമായി ദുബൈയിലേക്ക് തിരിച്ചുപോകുന്ന രീതിയിലാണ് ഫ്‌ളൈ ദുബൈ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.
എയര്‍ ഏഷ്യ, സില്‍ക്ക് എയര്‍, ഒമാനിന്റെ ഏറ്റവും പുതിയ വിമാന കമ്പനിയായ സലാം എയര്‍ തുടങ്ങിയവയും കരിപ്പൂരിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സലാം എയര്‍ നേരത്തെ സര്‍വിസിനു ശ്രമിച്ചെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള വ്യോമയാന ഉഭയകക്ഷി കരാര്‍ തിരിച്ചടിയാവുകയായിരുന്നു. നിലവില്‍ ഉഭയകക്ഷി കരാറുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ സജീവമായതോടെ സലാം എയര്‍ സര്‍വിസിനു വീണ്ടും ചിറകുമുളക്കുന്നുണ്ട്.
റാസല്‍ഖൈമയുടെ ഔദ്യോഗിക വിമാന കമ്പനിയായ റാക്ക് എയര്‍വേസ് 2014 മുതല്‍ സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവര്‍ക്ക് അനുവദിച്ച സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റുകള്‍ ലഭ്യമായാല്‍ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യയും സര്‍വിസ് വര്‍ധിപ്പിച്ചേക്കും.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ബഹ്‌റൈന്‍ എയര്‍ സര്‍വിസ് നിര്‍ത്തിയ മറ്റു വിദേശ വിമാന കമ്പനികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."