കഴക്കൂട്ടം പബ്ലിക് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി
കഠിനംകുളം: നഗരസഭയുടെ നേതൃത്വത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച കഴക്കൂട്ടം പബ്ലിക് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് നിര്‍വ്വഹിച്ചു.
നവീകരിച്ച മാര്‍ക്കറ്റ് കെട്ടിടത്തില്‍ ഇ.റ്റി.പി പ്ലാന്റും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. മാര്‍ക്കറ്റിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിന് മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ പുതിയ ഷെഡ് നിര്‍മിക്കുന്നതിനും ശൗചാലയം, ശീതീകരണ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് മേയര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ സൗകര്യപ്രദമായി കച്ചവടം നടത്തുന്നതിനുള്ള പ്‌ളാറ്റ് ഫോമും വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എണ്‍പതോളം മത്സ്യക്കച്ചവടക്കാരും അന്‍പതോളം പച്ചക്കറി കച്ചവടക്കാരും അന്‍പതോളം ഇതര കച്ചവടക്കാരും മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കും. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനായി കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് മാര്‍ക്കറ്റ് വികസനസമിതി രൂപീകരിച്ചിട്ടുണ്ട്. മാര്‍ക്കറ്റിന് മുന്നിലെ പി.ഡബ്ല്യു.ഡി ഓടയും നവീകരിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖിരവികുമാര്‍ അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി എം.നിസാറുദ്ദീന്‍ സ്വാഗതം പറഞ്ഞു. തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എന്‍ജിനീയര്‍ എം.രാജീവ് പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.ഗീതാഗോപാല്‍, നഗരാസൂത്രണ സ്റ്റാന്റിങ് ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ആര്‍.സതീഷ്‌കുമാര്‍, നികുതി-അപ്പീല്‍ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, കൗണ്‍സിലര്‍മാരായ അഡ്വ.ഗിരികുമാര്‍, സിന്ധുശശി, ബിന്ദു, ശിവദത്ത്, ലതാകുമാരി എന്നിവരും എസ്.എസ്.ബിജു, എസ്.മനോഹരന്‍, കെ.ശ്രീകുമാര്‍ എന്നിവരും ആശംസാ പ്രസംഗം നടത്തി. ആര്‍.ശ്രീകുമാര്‍ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി പണി തീര്‍ത്ത് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കച്ചവടം ഇങ്ങോട്ടേക്ക് മാറ്റിയിരുന്നില്ല. അറ്റകുറ്റപണികള്‍ തീരാത്തതാണ് ചന്തയുടെ പ്രവര്‍ത്തനം വൈകാന്‍ കാരണമായത്. ഉദ്ഘാടന ചടങ്ങിനു ശേഷം ചന്തയ്ക്കകത്ത് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് പച്ചക്കറികച്ചവടക്കാരും മീന്‍ കച്ചവടക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ചന്തയ്ക്ക് മുന്നില്‍ കച്ചവടം നടത്താന്‍ മത്സ്യകച്ചവടക്കാര്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്തു.
കോര്‍പ്പറേഷന്‍ അധികൃതരും പൊലിസും ഇടപെട്ട് ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഒരു ഭാഗം പച്ചക്കറികച്ചവടക്കാര്‍ക്കും മറുഭാഗം മത്സ്യകച്ചവര്‍ക്കാര്‍ക്കും പകുത്തു നല്‍കി. എങ്കിലും ചന്ത പ്രവര്‍ത്തിക്കുന്നതിന് മുന്‍ഭാഗത്ത് ചില കച്ചവടക്കാര്‍ ഇരിക്കുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അകത്ത് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടും കെട്ടിടത്തിന് മുന്നില്‍ ചില കച്ചവടം നടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."