കമ്മിഷണര്‍ ഓഫിസിലെ അശ്ലീല സന്ദേശം; അസി. കമ്മിഷണര്‍ അന്വേഷിക്കും
കോഴിക്കോട്: സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസിലെ വനിതാ ജീവനക്കാരിക്ക് സഹപ്രവര്‍ത്തകന്‍ അശ്ലീല സന്ദേശം അയച്ച സംഭവം അസി. കമ്മിഷണര്‍ അന്വേഷിക്കും. അത്തോളി സ്വദേശിയായ സഹപ്രവര്‍ത്തകന്‍ വാട്‌സ് ആപ് വഴി നിരന്തരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നുവെന്നു കാണിച്ച് വനിതാ ജീവനക്കാരിയാണ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കഴിഞ്ഞദിവസം പരാതി നല്‍കിയത്. 51കാരനായ ഉദ്യോഗസ്ഥനെതിരേയാണു പരാതി. ഡിസംബര്‍ മൂന്നിനാണ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എം ടോമിക്ക് രേഖാമൂലം പരാതി നല്‍കിയത്. തൊഴിലിടത്തിലെ ലൈംഗിക അതിക്രമത്തിനെതിരേയാണ് യുവതിയുടെ പരാതി.
പരാതി സിറ്റി വനിതാ സെല്‍ സി.ഐ കെ.എം ലീല ചെയര്‍മാനായ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. തൊട്ടടുത്ത ദിവസം അഭിഭാഷകയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ പരാതിക്കാരിയില്‍ നിന്നും ഓഫിസിലെ മറ്റു ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് അസി. കമ്മിഷണര്‍ അന്വേഷിക്കുന്നത്.
ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ പ്രതിപക്ഷ സംഘടനയിലുള്ളയാളാണ്. കഴിഞ്ഞ എട്ടുമാസമായി യുവതിയെ നിരന്തരമായി തൊഴിലിടത്തില്‍ പലവിധത്തില്‍ അപമാനിച്ചെന്നാണു പ്രധാന പരാതി. ഫോണിലൂടെയും നേരിട്ടും അശ്ലീലം പറയുകയും വാട്‌സ് ആപില്‍ ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തതോടെ ഇയാളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു.
ഇതോടെ ജീവനക്കാരി ഓഫിസിലെത്തുമ്പോള്‍ ഇയാള്‍ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."