വാഴയൂരില്‍ വീടുകള്‍ക്കുണ്ടായ വിള്ളലുകള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും
കൊണ്ടോട്ടി: വാഴയൂര്‍ പഞ്ചായത്തിലെ മുണ്ടകാശേരി എസ്.സി കോളനിക്ക് സമീപം നെച്ചിക്കോട്ട് കരിങ്കല്‍ ക്വാറിക്കെതിരെയുള്ള പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പ്രദേശം സന്ദര്‍ശിച്ചു.താലൂക്ക് തല അദാലത്തിലും കരിങ്കല്‍ ക്വാറിക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു.
കൊണ്ടോട്ടി തഹസില്‍ദാര്‍ കെ. ദേവകി ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. കരിങ്കല്‍ ക്വാറി സന്ദര്‍ശിച്ച കലക്ടറുടെ മുന്‍പില്‍ നാട്ടുകാര്‍ പരാതി ബോധിപ്പിച്ചു.തുടര്‍ന്ന് കലക്ടര്‍ സമീപപ്രദേശത്തുള്ള പൊതുശ്മശാനം, ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തുടങ്ങിയവയും, കേടുപാടുകള്‍ വന്ന സമീപപ്രദേശങ്ങളിലെ വീടുകളും സന്ദര്‍ശിച്ചു.മുണ്ടകാശേരി എസ്.എസി കോളനിയിലെ വീടുകളാണ് കലക്ടര്‍ സന്ദര്‍ശിച്ചത്.
വീടുകള്‍ക്കുണ്ടായ വിള്ളലുകളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.പിഡബ്ല്യുഡി ഉദ്യോഗസ്ഥരായിരിക്കും സംഘത്തെ നയിക്കുക.ഈ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം പൊതുജനങ്ങള്‍ക്കായി ഹിയറിങ് നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഹിയറിങ്ങില്‍ വ്യക്തികള്‍ക്ക് പ്രത്യേകം പരാതികള്‍ സമര്‍പ്പിക്കാം അവസരമുണ്ടായിരിക്കും.പ്രദേശത്തെ വീടുകളിലൊക്കെ വിള്ളലുകള്‍ കാണുന്നുണ്ട്.വിശദമായ പരിശോധനയില്‍ മാത്രമെ ഇത് കണ്ടെത്താനാകുയുളളൂ.ഇതിനുശേഷം നടപടികള്‍ എടുക്കും
ക്വാറിക്ക് സമീപമുള്ള പൊതു റോഡ് സ്വകാര്യവ്യക്തി കൈയടക്കി വച്ചിരിക്കുകയാണെന്ന പരാതിയും പരിശോധിക്കും.ഇതിനായി രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
പ്രദേശത്തെ ക്രഷര്‍ ക്വാറിക്കെതിരെ മാസങ്ങളായി പരിസരവാസികള്‍ പ്രക്ഷോഭത്തിലാണ്. ക്വാറി യൂണിറ്റ് സമീപപ്രദേശങ്ങളിലെ വീടുകള്‍ക്കും ജലാശയങ്ങള്‍ക്കും കുടിവെള്ള സംഭരണിക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ജിയോളജി ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ക്കും നേരത്തെ നാട്ടുകാരുടെ കര്‍മസമിതി പരാതികള്‍ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."