2014 ന് ശേഷം രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് 350ലേറെ തവണ
ന്യൂഡല്‍ഹി: പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന എന്തെങ്കിലും നീക്കം ഉണ്ടായാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക എന്നതാണ് മോദി സര്‍ക്കാറിന്റെ പ്രതിവിധി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലും പൗരത്വം ബില്ലില്‍ തിളച്ചു മറിഞ്ഞപ്പോള്‍ അസമിലും സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
2014 ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് 357 തവണ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യാ ടുഡേയുടെ ഡാറ്റാ അനലൈസിംഗ് യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 2018 ല്‍ ലോകത്തിലാകെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിന്റെ 67 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
യു.പി.എ ഭരണത്തിന് ശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ല്‍ ആറ് തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. 2015 ല്‍ 14 തവണയും 2016 ല്‍ 31 തവണയും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
2017 ആയപ്പോള്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച സംഭവങ്ങള്‍ 79 തവണയും 2018 ല്‍ 134 തവണയും ആയി വര്‍ധിച്ചു. 2019 ഡിസംബര്‍ 15 വരെയുള്ള കണക്ക് പ്രകാരം 93 തവണയും ഇന്റര്‍നെറ്റ് ബന്ധം രാജ്യത്ത് പലയിടത്തായി വിച്ഛേദിച്ചു.
കശ്മീരിലാണ് കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് പോലുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പുല്‍വാമയില്‍ 15 തവണ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 2019 ല്‍ മാത്രം ജമ്മു കശ്മീരില്‍ 93 സ്ഥലങ്ങളിലായി 57 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5 ന് റദ്ദാക്കിയതിന് ശേഷം പലയിടത്തും ഇപ്പോഴും ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. കശ്മീരില്‍ പുല്‍വാമയെക്കൂടാതെ ഷോപ്പിയാനില്‍ 11 തവണ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കുല്‍ഗാം, ബാരാമുള്ള (9), അനന്ത്‌നാഗ് (8), കുപ്വാര, ശ്രീനഗര്‍ (6), ബുദ്ഗാം (5) എന്നിങ്ങനെയാണ് കണക്കുകള്‍.
രാജസ്ഥാനാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതില്‍ രണ്ടാമത്. 18 തവണയാണ് രാജസ്ഥാനില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. അസമില്‍ 12 തവണയും ഉത്തര്‍പ്രദേശില്‍ 11 തവണയും പശ്ചിമ ബംഗാളില്‍ 9 തവണയും ഇക്കാലയളവില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ക്ക് കടപ്പാട് ഇന്ത്യാടുഡേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."