ഒന്നര ലക്ഷം ജീവിതങ്ങള്‍ സെക്രട്ടേറിയറ്റില്‍ കുരുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഭരണത്തില്‍ കയറി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പാഴ്‌വാക്കാകുന്നു. ഭരണ സ്ഥിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കുരുങ്ങിക്കിടക്കുന്നത് ഒന്നരലക്ഷം ഫയലുകള്‍. എല്ലാ വകുപ്പുകളും ഇ ഫയലിങ് സിസ്റ്റത്തിലാക്കിയിട്ടും സര്‍ക്കാര്‍ കാര്യം മുറപോലെ.
കഴിഞ്ഞ അഞ്ചാം തിയതി വരെയുള്ള കണക്കനുസരിച്ച് 1,54,781 ഫയലുകളാണ് തീര്‍പ്പു കാത്ത് ഭരണസിരാകേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിലാണ്. 33,705 എണ്ണം.
14,264 ഫയലുകള്‍ തീര്‍പ്പ് കാത്തുകിടക്കുന്ന റവന്യൂ വകുപ്പ് രണ്ടാം സ്ഥാനത്തുണ്ട്. സര്‍ക്കാര്‍ ഓഫിസില്‍ എത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 12,260 ഫയലുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ 10,214 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തിലെ മന്ദഗതി ശരിവച്ച് കഴിഞ്ഞ മെയ് മാസത്തില്‍ വകുപ്പു സെക്രട്ടറിമാര്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫയലുകള്‍ നീക്കുന്ന കാര്യത്തില്‍ മിക്ക വകുപ്പുകളിലും കാലതാമസമുണ്ടാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നിട്ടും മുഖ്യമന്ത്രി തുടര്‍നടപടികളിലേക്കു പോയില്ല.
സെക്രട്ടേറിയറ്റില്‍ എല്ലാ വകുപ്പുകളും ഇ ഫയലിങ് വഴിയാണ് ഇപ്പോള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതെന്നാണ് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.
കൂടാതെ മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് നടത്തുന്നുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ഫയലുകളില്‍ തീരുമാനമുണ്ടാകുന്നതു മുടക്കാന്‍ സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലെ വ്യവസ്ഥകളും വിവിധ സര്‍ക്കാര്‍ നിര്‍ദേശങ്ങളും അട്ടിമറിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വരെ കര്‍ശനമാക്കിയിട്ടും ഫയല്‍ നീക്കത്തിനു വേഗതയില്ലെന്നാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.
വിവിധ വകുപ്പുകളിലെ കണക്ക്
കൃഷി - 6,205, മൃഗസംരക്ഷണം - 1,481, സഹകരണം - 3,628, സാംസ്‌കാരികം - 1,642, ധനകാര്യം - 3,691, ഭക്ഷ്യവും പൊതുവിതരണവും - 1,844, വനം വന്യജീവി വകുപ്പ് - 3,562, പൊതുഭരണം - 4,522, ആരോഗ്യവും കുടുംബക്ഷേമവും - 7,055, ഉന്നതവിദ്യാഭ്യാസം - 3,436, വ്യവസായം - 4,750, തൊഴിലും നൈപുണ്യവും - 3,117, നിയമം - 1,458, പ്രവാസികാര്യം - 1,021, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം - 1,153, ആസൂത്രണവും സാമ്പത്തികകാര്യവും - 1,959, തുറമുഖം - 1,110, ഊര്‍ജം - 1,747, പൊതുമരാമത്ത് - 4,023, പട്ടികജാതി,പട്ടികവര്‍ഗ വികസനം - 2,438, സാമൂഹ്യനീതി - 1,635, നികുതി - 5,076, വിനോദസഞ്ചാരം - 1,073, ഗതാഗതം - 1,255, വിജിലന്‍സ് - 2,983, ജലവിഭവം - 5,212, ആയുഷ് - 598, പിന്നോക്ക സമുദായ വികസനം - 944, തീരദേശ കപ്പല്‍ ഗതാഗതം - 147, ഇലക്്ഷന്‍ - 195, പരിസ്ഥിതി - 800, മത്സ്യ ബന്ധനം - 664, ഭവന നിര്‍മാണം - 217, വിവര പൊതുജന സമ്പര്‍ക്കം - 723, വിവര സാങ്കേതികം - 963, പാര്‍ലമെന്ററി കാര്യം - 311, സൈനികക്ഷേമം - 487, ശാസ്ത്ര സാങ്കേതികം - 344, കായികം, യുവജന ക്ഷേമം - 227, സ്റ്റേറ്റ് പര്‍ച്ചേയ്‌സ് - 282,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."