കാട്ടാക്കട നഗരസഭാ പദവി: ആവശ്യം ശക്തമാകുന്നു
കാട്ടാക്കട: താലൂക്കിന്റെ ആസ്ഥാനമായ കാട്ടാക്കട പഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കണമെന്ന നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. താലൂക്കിന് പുറമേ നഗരസഭാ കൂടിയാകുന്നതോടെ തെക്കന്‍ മലയോര പഞ്ചായത്തുകളുടെ ആസ്ഥാനമായ കാട്ടാക്കടയില്‍ വികസനരംഗത്ത് വന്‍ കുതിപ്പ് വരുമെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് ഉപസമിതിയാണ് കാട്ടാക്കട ഉള്‍പ്പടെ 6 സ്ഥലങ്ങളില്‍ നഗരസഭയാക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നത്. ഇത് മന്ത്രിസഭ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ ആ നീക്കം നിലയ്ക്കുകയായിരുന്നു.
കാട്ടാക്കടയില്‍ താലൂക്ക് വന്നിട്ട് അധികനാളായിട്ടില്ല. കാട്ടാക്കടയിലും അടുത്തുള്ള പഞ്ചായത്തുകളും കൂടി ചേര്‍ത്താകും മുനിസിപ്പാലിറ്റി രൂപീകരിക്കുന്നത്. പൂവച്ചല്‍, കള്ളിക്കാട്, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ചേര്‍ത്താകും മുനിസിപാലിറ്റി രൂപീകരിക്കുക. ഇതിനായി സര്‍വേ ആരംഭിക്കാനും മുനിസിപ്പാലിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചിലവുകളും മറ്റും ചിട്ടപ്പെടുത്താനും ശ്രമവും തുടങ്ങിയിരുന്നു.
2001ലെ സെന്‍സസില്‍ 40,000 ജനസംഖ്യയുള്ള പഞ്ചായത്താണ് കാട്ടാക്കട. രാജഭരണകാലത്ത് തലയെടുപ്പുള്ള പ്രവിശ്യയായിരുന്നു ഇന്ന് കാട്ടാക്കടയായ കുളത്തുമ്മല്‍.
കുളത്തുമ്മല്‍ ദേശം എന്നാണ് രേഖകളില്‍. അന്ന് കാട്ടാക്കട ചന്തയും പേരുകേട്ടതായിരുന്നു. രാജകൊട്ടാരത്തിലേക്ക് പച്ചക്കറി ഉള്‍പ്പടെ ഇവിടെ നിന്നുമാണ് എത്തിച്ചിരുന്നത്. അന്ന് രാജാവ് തന്നെ ഇവിടെ ഒരു പൊലിസ് സ്‌റ്റേഷനും സ്ഥാപിച്ചു. അതിന്റെ അധികാരപരിധി നഗരത്തോട് ചേര്‍ന്നുകിടക്കുന്ന കുണ്ടമണ്‍കടവ് മുതല്‍ അഗസ്ത്യമലയുടെ അടിവാരങ്ങളായ അമ്പൂരി, പൊന്‍മുടി, വിതുര വരെ നീണ്ടതായിരുന്നു. 1953 ലാണ് ഇവിടെ കുളത്തുമ്മല്‍ പഞ്ചായത്ത് വരുന്നത്. 1979 ല്‍ അത് കാട്ടാക്കടയായി മാറി. തികച്ചും പിന്നോക്ക ഗ്രാമമായ കാട്ടാക്കടയില്‍ കാര്‍ഷികമായിരുന്നു പ്രധാന തൊഴില്‍. നെയ്യാര്‍ഡാം വന്നപ്പോള്‍ വിനോദസഞ്ചാര കേന്ദ്രം കൂടിയായി മാറി.
1965 ല്‍ കാട്ടാക്കടയില്‍ സി.എസ്.ഐ സഭ ക്രിസ്റ്റിയന്‍ കോളജ് സ്ഥാപിച്ചതോടെയാണ് വിദ്യാഭ്യാസരംഗം പരോഗമിക്കുന്നത്. തുടര്‍ന്ന് കാട്ടാക്കട ഡിപ്പോ, തുറന്നജയില്‍ തുടങ്ങിയവയും വന്നു. ആര്യനാട് നിയോജകമണ്ഡലത്തിന്റെ പരിധിയിലായ കാട്ടാക്കട 2011 ലാണ് കാട്ടാക്കട മണ്ഡലമായി മാറിയത്. മുനിസിപ്പാലിറ്റി രൂപീകരണം ഇനിയെന്ന് നടക്കുമെന്ന് കാത്തിരിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."