മേപ്പയ്യൂരിലെ എ.ടി.എം കവര്‍ച്ച; അന്വേഷണം പ്രത്യേക സംഘത്തിന്
മേപ്പയ്യൂര്‍: നെല്യാടി-മേപ്പയ്യൂര്‍ റോഡിലെ കനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ തകര്‍ത്തു കവര്‍ച്ചയ്ക്ക് ശ്രമിച്ചവരെ കണ്ടെത്താന്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. മേപ്പയ്യൂര്‍ എസ്.ഐ യൂസഫ് നടുത്തറമ്മലാണ് അന്വേഷണ തലവന്‍. എസ്.ഐ ബാബുരാജ്, സി.പി.ഒ കുഞ്ഞമ്മത് എന്നിവര്‍ അംഗങ്ങളാണ്.
മോണിറ്ററിന്റെ ഗ്ലാസുകള്‍ തകര്‍ത്തിട്ടും പണം സൂക്ഷിക്കുന്ന ലോക്കര്‍ വാതിലിന്റെ ഒരു പാളി പൊളിച്ചുമാറ്റിയിട്ടും പണം കവരാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. പയ്യോളിയില്‍നിന്നു വന്ന പൊലിസ് നായ മണം പിടിച്ച് ഓടിയ ഭാഗത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം പൊലിസ് നിരീക്ഷണത്തിലാണ്.
മോഷണശ്രമം നടന്ന ദിവസം രാത്രി മേപ്പയ്യൂരിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച പ്രദേശത്ത് പുലിയിറങ്ങിയിട്ടുണ്ടെന്ന സന്ദേശത്തിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ കേടുവന്നിട്ടും പുനഃസ്ഥാപിക്കാത്തത് ബാങ്കിന്റെ വീഴ്ചയാണ്. അതും അന്വേഷണ വിധേയമാക്കും.
എ.ടി.എമ്മിലെ കാമറയില്‍ പതിഞ്ഞ ഒരാളുടെ രൂപം അവ്യക്തമാണ്. അത് ശാസ്ത്രീയവിധേയമാക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം നടന്നതെന്നതിനാല്‍ ടൗണിനു സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറകളും പൊലിസ് പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."