കാന്തപുരം വിഭാഗം അക്രമം നടത്തിയ മുടിക്കോട് പള്ളി അടച്ചുപൂട്ടി
മഞ്ചേരി: കാന്തപുരം വിഭാഗം അക്രമം നടത്തുകയും ഇമാമിനെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത മുടിക്കോട് ജുമാമസ്ജിദ് പൊലിസ് അടച്ചുപൂട്ടി. ഇന്നലെയാണ് പെരിന്തല്‍മണ്ണ സബ് കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏറനാട് തഹസില്‍ദാര്‍, പാണ്ടിക്കാട് എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളി പൂട്ടിയത്.
146ാം വകുപ്പ് പ്രകാരമാണ് നടപടി. പള്ളിയുടെ റിസീവര്‍ ചുമതല ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.അലവിക്കു കൈമാറി. അക്രമ സംഭവങ്ങളുടെ പേരില്‍ പള്ളി പൂട്ടാന്‍ ഉദ്യോഗസ്ഥരെത്തുമ്പോള്‍ ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ വിശ്വാസികളെത്തിയിരുന്നു.
നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകിയ വിശ്വാസികളെ പുറത്തിറക്കിയാണ് പള്ളി സീല്‍ ചെയ്തത്. തുടര്‍ന്ന് വിശ്വാസികള്‍ സമീപത്തെ നിസ്‌കാര പള്ളിയിലും സമീപ മഹല്ലുകളിലെ പള്ളികളിലും ജുമുഅ നിസ്‌കാരം നിര്‍വഹിക്കുകയായിരുന്നു.
കഴിഞ്ഞ 31 ന് തിങ്കളാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരമാണ് പള്ളിയില്‍ വച്ച് ഇമാമിനു നേരെ വധശ്രമം നടന്നത്. നിസ്‌കാരം കഴിഞ്ഞു കൂട്ടപ്രാര്‍ഥനക്കുമുന്‍പായി സംഘടിച്ചെത്തിയ കാന്തപുരം സുന്നി പ്രവര്‍ത്തകര്‍ വാളുകൊണ്ട് ഇമാമിനെ വെട്ടുകയായിരുന്നു. വാള്‍, ഇരുമ്പുപൈപ്പ് തുടങ്ങിയ മാരകായുധങ്ങളുമായി വന്നവര്‍ കൊലവിളി ഉയര്‍ത്തിയാണ് ഇമാം ബഷീര്‍ ദാരിമിയെയും പള്ളിയിലുണ്ടായിരുന്നവരേയും ആക്രമിച്ചത്. സംഭവത്തില്‍ മാരകമായി പരുക്കേറ്റ ദാരിമിയും നാലു സുന്നി പ്രവര്‍ത്തകരും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വര്‍ഷങ്ങളായി സമസ്തക്കു കീഴില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മുടിക്കോട് മഹല്ലില്‍ കാന്തപുരം വിഭാഗം അധികാരതര്‍ക്കം ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. നേരത്തേ അക്രമ സഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ് മഹല്ല് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
മഹല്ല് ഭരണ സമിതിയായ മുടിക്കോട് മദാരിജുല്‍ ഇസ്‌ലാഹ് സംഘം കമ്മിറ്റിയിലേക്ക് വഖ്ഫ് ബോര്‍ഡ് നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പിലും വന്‍ഭൂരിപക്ഷത്തോടെ സമസ്ത പാനല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ആരാധനാകാര്യങ്ങളും മഹല്ലിലെ പ്രബോധന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതിനിടെയാണ് കാന്തപുരം വിഭാഗം വീണ്ടും അക്രമം നടത്തിയത്. കഴിഞ്ഞ ജൂലൈ 28 ന് വെള്ളിയാഴ്ച ജുമുഅ സമയത്ത് പള്ളിയിലേക്ക് സംഭാവന ശേഖരിച്ച ബക്കറ്റ്, പണം എണ്ണിനോക്കാനെന്ന വ്യാജേന കൈവശപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പാണ്ടിക്കാട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ ഇമാമിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലും കാന്തപുരം വിഭാഗത്തിലെ 36 പേര്‍ക്കെതിരേ വധശ്രമത്തിനു പൊലിസ് കേസെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ സി.ഐക്കാണ് കേസന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."