ദിലീപിനായി അഡ്വ.ബി.രാമന്‍പിള്ള ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന് ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ദിലീപിന്റെ അഭിഭാഷകനായിരുന്ന അഡ്വ. കെ. രാംകുമാര്‍ വക്കാലത്ത് ഒഴിഞ്ഞ സാഹചര്യത്തില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് ദിലീപ് അടുത്തയാഴ്ച വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
നേരത്തെ അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹരജികള്‍ തള്ളിയിരുന്നു. ഇതോടെയാണ് അഭിഭാഷകനെ മാറ്റിയത്. സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കമുണ്ടായെങ്കിലും സ്ത്രീപീഡന കേസുകളില്‍ സുപ്രിംകോടതി കര്‍ശന നിലപാട് എടുക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്.
കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചില്ലെന്നും ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ദിലീപിന്റെ ജാമ്യഹരജി ആദ്യം തള്ളിയത്. എന്നാല്‍, അപ്പുണ്ണിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്തുകഴിഞ്ഞു. കൂടാതെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ കുറ്റസമ്മതമൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."