HOME
DETAILS

പൊതുസമ്പത്തും മോദി തൂക്കി വില്‍ക്കുന്നു

  
backup
August 04 2017 | 21:08 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d

പൊതുമേഖലയിലെ എണ്ണപ്പെട്ട കമ്പനികളിലൊന്നായ ഭാരത് എര്‍ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ (ബെമല്‍) ഓഹരി വില്‍ക്കാനുള്ള നീക്കം വിവാദമായതോടെ മോദിസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്തിന്റെ ചെമ്പ് കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ പൊതുമേഖലാസ്ഥാപനങ്ങള്‍ ചുളുവില്‍ സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിനുള്ള നീക്കം ചടുലമാണ്.
സാമ്പത്തികരംഗത്ത് ഇന്ത്യ മികച്ച നേട്ടം കൈവരിക്കുന്നുവെന്ന തരത്തിലുള്ള ദേശീയമാധ്യമങ്ങളുടെ കപടപ്രചാരണം മുതലെടുത്തു പൊതുസമ്പത്ത് സ്വകാര്യകമ്പനികള്‍ക്കു തീറെഴുതുന്നതില്‍ യു.പി.എ. സര്‍ക്കാരിനേക്കാള്‍ ഒരു ചുവടെങ്കിലും മുന്നിലാണു മോദിസര്‍ക്കാര്‍. പൊതുമേഖലാസ്ഥാപനങ്ങളെല്ലാം നഷ്ടത്തിലാണെന്ന തരത്തില്‍ വ്യാപകമായി നടത്തുന്ന പ്രചാരണങ്ങള്‍ ഇത്തരം കൊള്ളകള്‍ക്കു ചൂട്ടുപിടിക്കുകയാണ്.
കഴിഞ്ഞ ജനുവരിയിലാണു ബെമലിന്റെ 26 ശതമാനം ഷെയറുകള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ബെമലിന്റെ 54.03 ശതമാനം ഓഹരിയാണു കേന്ദ്രസര്‍ക്കാരിന്റെ കൈയിലുള്ളത്. ഇതിന്റെ പകുതിയോളം വില്‍ക്കുമ്പോള്‍ കമ്പനിയുടെ നിയന്ത്രണം ഭാവിയില്‍ സ്വകാര്യമേഖലയുടെ കൈകളിലെത്തും.
1964ല്‍ സ്ഥാപിതമായ 'മിനി രത്‌ന' കമ്പനിയായ ബെമല്‍ പ്രതിരോധം, മൈനിങ്, കണ്‍സ്ട്രക്ഷന്‍,റെയില്‍വേ, മെട്രോ തുടങ്ങിയ തന്ത്രപ്രധാനമേഖലകളില്‍ ഇന്ത്യയിലും വിദേശത്തും സജീവമായ കമ്പനിയാണ്.
കണ്ണായസ്ഥലങ്ങളില്‍ കമ്പനിക്കുള്ള ഏക്കര്‍കണക്കിനു ഭൂസ്വത്തും ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയും ഓഹരിവില്‍പന വഴി സ്വകാര്യകമ്പനികളിലെത്തും. ഏകദേശം 520 കോടി രൂപ മാത്രമാണു വില്‍പനയിലൂടെ സര്‍ക്കാരിനു ലഭിക്കുക. എന്നാല്‍, ബെമലിന്റെ കൈവശമുള്ള ഭൂമിയുടെ മാത്രം കമ്പോളമൂല്യം ഏറക്കുറേ 60,000 കോടി രൂപ വരും.
രാജ്യത്തിന്റെ പൊതുമുതല്‍ സ്വകാര്യമേഖലയ്ക്കു കൊള്ളയടിക്കുന്നതിനു തീറെഴുതുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, സെന്‍സേഷനല്‍ വാര്‍ത്തകളില്‍ രമിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ദേശീയപത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ തമസ്‌കരിച്ച് ഈ നടപടിയോടുള്ള കൂറുപ്രഖ്യാപിക്കുകയാണ്. ഇതിനിടയില്‍ ചില എം.പിമാര്‍ നടത്തുന്ന ഒറ്റപ്പെട്ട ചെറുത്തുനില്‍പു വനരോദനമായി മാറുന്നു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്രരംഗത്ത് ഏറെ ശ്രദ്ധേയമായ ഈ കമ്പനി 62 രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്നു. ബ്രസീല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ ഓഫീസുകളുണ്ട്. 2697 ഏക്കര്‍ ഭൂമി ഇന്ത്യയിലെ പല പ്രമുഖകേന്ദ്രങ്ങളിലായി ബെമലിനുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത ഭൂമി 1495 ഏക്കറാണ്. ഇങ്ങനെ മൊത്തം 4192 ഏക്കര്‍ ഭൂമി കൈവശമുള്ള കമ്പനിയാണു കേന്ദ്രസര്‍ക്കാര്‍ 'തുച്ഛമായ' തുകയ്ക്കു കൈമാറുന്നത്.
ഈ കമ്പനി ഇക്കാലയളവില്‍ സര്‍ക്കാരിനു കൈമാറിയ ലാഭവിഹിതം കോടികള്‍ വരും. 2015-16 സാമ്പത്തികവര്‍ഷത്തില്‍ 3022.74 കോടി രൂപ വിറ്റുവരവും 52 .66 കോടി രൂപ ലാഭവുമുണ്ടായിരുന്നു. 2005 മുതല്‍ തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നികുതിയിനത്തില്‍ 6409.89 കോടി രൂപ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. 2016-17 സാമ്പത്തികവര്‍ഷത്തില്‍ മാത്രം നല്‍കിയത് 693.43 കോടി രൂപയാണ്. ഇത്തരത്തില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള കമ്പനി എന്തിനു കൈമാറുന്നു.
1685 രൂപ വരെ കയറിയ ഷെയറുകളാണ് 540 രൂപ തോതില്‍ വില്‍ക്കാന്‍ പോകുന്നത്. ഇതു ബെമലിന്റെ മാത്രം പ്രശ്‌നമല്ല. കേന്ദ്ര പൊതുമേഖലാകമ്പനികള്‍ ഒന്നാകെ സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിനുള്ള ആസൂത്രിതനീക്കം വര്‍ഷങ്ങളായി ഉള്ളതാണ്. യു.പി.എ സര്‍ക്കാരിന്റെ സമയത്തും ഇത്തരം നീക്കമുണ്ടായിരുന്നു. എന്നാല്‍, ജനങ്ങളെ വെല്ലുവിളിച്ച് എങ്ങനെയും നടപ്പാക്കുമെന്ന ഉറച്ചതീരുമാനത്തോടെയാണു മോദിസര്‍ക്കാര്‍ നീങ്ങുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഇതുപോലെ വില്‍പനയ്ക്കു വച്ചിരിക്കുകയാണ്.
ഇന്ത്യക്കകത്തും പുറത്തുമായി കോടികളുടെ നിര്‍മാണജോലികള്‍ ഓര്‍ഡര്‍ ബുക്കിലുള്ള ഷിപ്പ് യാര്‍ഡ് 22 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ ലാഭം 276 കോടി രൂപ. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാനവാഹിനി രൂപംകൊള്ളുന്നതും ഇവിടെയാണ്. നാവികസേനയ്ക്ക് ആവശ്യമായ പ്ലാറ്റ്‌ഫോം സപ്ലൈ വെസ്സലുകള്‍ അടക്കം നിരവധി സമുദ്രയാനങ്ങള്‍ ഇവിടെ നിര്‍മിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ലാഭം 1500 കോടിയിലെത്തുമെന്നാണു കണക്കുകൂട്ടല്‍.
ഓഹരി വില്‍പന വഴി 1467 .42 കോടി രൂപയാണു ലഭിക്കുക. ഇതില്‍ വികസനപദ്ധതിക്കായി 978 കോടി മാത്രമേ കിട്ടൂ. ഡ്രൈ ഡോക്ക്, പുതിയ റിപ്പയറിങ് യാര്‍ഡ് എന്നിവ നിര്‍മ്മിക്കുന്നതിനു മൊത്തം 2800 കോടി രൂപ ചെലവുവരും.
അതിനാവശ്യമായ ബാക്കി തുക സര്‍ക്കാര്‍ തന്നെ നല്‍കേണ്ടിവരും. അത്രയും നല്‍കാന്‍ കഴിയുന്ന സര്‍ക്കാരിനു 978 കൂടി കണ്ടെത്താന്‍ കഴിയില്ലേയെന്ന ചോദ്യമുണ്ട്. ഇത്രയും കുറഞ്ഞ തുകയ്ക്കുവേണ്ടി രാജ്യത്തിന് അഭിമാനമായ പൊതുമേഖലാസ്ഥാപനം വിറ്റുതുലയ്ക്കണോ.
1972ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കപ്പല്‍നിര്‍മാണരംഗത്തെ വമ്പന്മാരായ കൊറിയ, ജപ്പാന്‍ എന്നിവയുടെ കടുത്ത വെല്ലുവിളി നേരിട്ട് ഒട്ടേറെ അന്താരാഷ്ട്ര കരാറുകള്‍ നേടിയിട്ടുണ്ട്. ഷിപ്പിങ് കോര്‍പറേഷനുവേണ്ടി നിരവധി ചരക്കുകപ്പലുകള്‍ നീറ്റിലിറക്കിയിട്ടുണ്ട്. എന്നിട്ടും, റിലയന്‍സിനു വേണ്ടി തഴയപ്പെടുകയാണ്. ലാന്‍ഡിങ് പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുന്നതിനുള്ള 20,000 കോടി രൂപയുടെ കരാര്‍ റിലയന്‍സിനാണു നല്‍കിയത്. വിമാനവാഹിനിയുടെ നിര്‍മാണം നടക്കുന്നുവെന്ന കാരണം പറഞ്ഞാണു കപ്പല്‍ശാലയെ ടെന്‍ഡറില്‍നിന്നു വിലക്കിയത്.
2009 ലാണു വിമാനവാഹിനി കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. 2019ല്‍ നാവികസേനയ്ക്കു കൈമാറണം. നിര്‍മാണം പൂര്‍ത്തിയായ കപ്പല്‍ പരീക്ഷണയാത്രകളിലാണ്. അതുകൊണ്ടു ലാന്‍ഡിങ് പ്ലാറ്റുഫോമുകള്‍ നിര്‍മിക്കാന്‍ തടസമില്ല. പക്ഷേ, റിലയന്‍സാണല്ലോ രാജ്യം ഭരിക്കുന്ന പാര്‍ട്ടികളുടെ കണ്‍കണ്ട ദൈവം. അവര്‍ക്കുവേണ്ടി ഒ.എന്‍.ജി.സിയെ നേരത്തേ പൊളിച്ചടുക്കിയിരുന്നു.
കേരളത്തിലെ എഫ്.എ.സി.ടിയടക്കം 28 കമ്പനികള്‍ വില്‍പനയ്ക്കു വച്ചിരിക്കുകയാണ്. ചില കമ്പനികള്‍ വന്‍പ്രതിസന്ധിയിലാണെങ്കിലും അവയുടെ കൈവശമുള്ള ഭൂസ്വത്താണു കുത്തകകളെ ആകര്‍ഷിക്കുന്നത്. എഫ്.എ.സി.ടി നഷ്ടത്തിലാണെങ്കിലും 5000 ഏക്കര്‍ ഭൂമിയുണ്ട്.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരു വര്‍ഷം 25,000 കോടി മുതല്‍ 30,000 കോടി രൂപവരെ ലാഭവിഹിതമായി നല്‍കുന്നുണ്ട്. മൂന്നുവര്‍ഷത്തെ ലാഭ വിഹിതം മാത്രം 75,000 കോടി വരും.ഇത്തരം കമ്പനികളാണ് ഒറ്റത്തവണ 72,500 കോടി രൂപ വാങ്ങി കൈമാറുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago