നെയ്മര്‍ പി.എസ്.ജിയില്‍: ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള ഫുട്‌ബോള്‍ താരം
പാരിസ്: ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പെരുമയുമായി ബാഴ്‌സലോണയില്‍ നിന്ന് ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ജൂനിയര്‍ പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് (പി.എസ്.ജി) ചേക്കേറി. 222 മില്ല്യണ്‍ യൂറോ (ഏതാണ്ട് 1667 കോടി രൂപ) യ്ക്കാണ് നെയ്മര്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബിലേക്ക് മാറിയത്. കഴിഞ്ഞ വര്‍ഷം യുവന്റസില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 785.48 കോടിക്ക് പോള്‍ പോഗ്ബയെ സ്വന്തമാക്കിയതായിരുന്നു ഏറ്റവും വലിയ താരക്കൈമാറ്റം. ആ റെക്കോര്‍ഡാണ് നെയ്മറിന്റെ വരവില്‍ വഴി മാറിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി നെയ്മറിന്റെ പി.എസ്.ജി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങളും വാര്‍ത്തകളും ദിനേന പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പ് ബാഴ്‌സലോണ ക്ലബിലെത്തി താന്‍ കറ്റാലന്‍ ക്ലബിനോട് വിട പറയുന്ന കാര്യം നെയ്മര്‍ വ്യക്തമാക്കുകയും പിന്നാലെ ബാഴ്‌സലോണ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്ഥിരീകരണം നടത്തുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ച് താരം പി.എസ്.ജിയിലേക്കെന്ന കാര്യം ഉറപ്പിക്കപ്പെട്ടത്.
പി.എസ്.ജിയില്‍ നെയ്മര്‍ പത്താം നമ്പര്‍ ജേഴ്‌സിയിലാണ് കളത്തിലിറങ്ങുക. നെയ്മര്‍ എത്തിയാല്‍ തന്റെ പത്താം നമ്പര്‍ ജേഴ്‌സി നല്‍കാന്‍ തയ്യാറാണെന്ന് പാസ്റ്റോറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നെയ്മറിനെ പി.എസ്.ജി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചു. പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് താരം പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് അരേനയില്‍ ഇറങ്ങി പന്ത് തട്ടി. സാന്റോസില്‍ നിന്ന് 2013ലാണ് നെയ്മര്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് മാറിയത്. നാല് വര്‍ഷം അവിടെ കളിച്ച താരം ചാംപ്യന്‍സ് ലീഗടക്കമുള്ള നേട്ടങ്ങളില്‍ പങ്കാളിയായി. ബാഴ്‌സയുടെ വിഖ്യാത മുന്നേറ്റ താരങ്ങളിലൊരാളായി നെയ്മര്‍ മാറുകയും ചെയ്തു. മെസ്സി, സുവാരസ്, നെയ്മര്‍ ത്രയം അടങ്ങിയ എം.എസ്.എന്‍ മുന്നേറ്റം സമീപ കാലത്ത് ലോക ഫുട്‌ബോളില്‍ തരംഗമായിരുന്നു. ഈ കൂട്ടുകെട്ടിനാണ് ഇതോടെ അവസാനമാകുന്നത്. തിയാഗോ സില്‍വ, ഡാനി ആല്‍വെസ് എന്നിവര്‍ക്കൊപ്പം നെയ്മര്‍ കൂടി പി.എസ്.ജിയിലെത്തുന്നതോടെ ബ്രസീലിന്റെ കരുത്തരായ മൂന്ന് താരങ്ങള്‍ പാരിസില്‍ ഒരുമിക്കുകയാണ്. ഒപ്പം ഉറുഗ്വെന്‍ താരം എഡിന്‍സന്‍ കവാനി, അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ എന്നിവരും ചേരുന്നതോടെ പി.എസ്.ജി ലാറ്റിനമേരിക്കന്‍ കരുത്തിന്റെ ചിറകിലും ഒതുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."