'സി.പി.എം നേതാവ് ഉള്‍പ്പെട്ട അഴിമതിക്കേസില്‍ ശിക്ഷ ഉറപ്പാക്കണം'
കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്തില്‍ പി.ടി ലീലയുടെ നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരേ 2008-2009 കാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും ഇതിലെ ആരോപണ വിധേയര്‍ നഷ്ടമായ തുക തിരികെ സര്‍ക്കാരിലേക്ക് അടക്കണമെന്നും കാണിച്ച് കഴിഞ്ഞ മെയ് 11ന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടും ഇതിനെതിരേ നടപടികളൊന്നും കൈകൊള്ളാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈമാസം 18ന് വെണ്ണിയോട് അഴിമതി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉത്തരവിറങ്ങി ആറ് മാസം പിന്നിട്ടിട്ടും മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്ന് തുക ഈടാക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ ഭരണസമിതി കാണിക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കമുള്ള സമര മുറകളിലേക്ക് യൂത്ത്‌ലീഗ് കടക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ജനപ്രതിനിധികളും സി.പി.എം നേതാക്കളും ഉള്‍പ്പെട്ട അഴിമതി കേസില്‍ പഞ്ചായത്ത് സെക്രട്ടറി, ഓവര്‍സിയര്‍ എന്നിവര്‍ പണം തിരിച്ചടച്ചു, എന്നിട്ടും ജനപ്രതിനിധികള്‍ പണമടക്കാന്‍ തയാറായിട്ടില്ല. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കോസ്റ്റ് ഇനത്തില്‍ 1,13220 രൂപ ചിലവാക്കാതെ ചിലവായി എന്ന് കണക്ക് കാണിച്ചാണ് തുക തട്ടിയെടുത്തത്. 2018 മെയ് 11ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ തുക തിരിച്ച് പിടിക്കാന്‍ കോട്ടത്തറ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണം തിരിച്ചടക്കാന്‍ ആരോപണ വിധേയരായവര്‍ തയാറായിട്ടില്ല. സി.പി.എം നേതാവും വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ എം. മധു, അന്നത്തെ പ്രസിഡന്റ് പി.ടി ലീല, വൈസ് പ്രസിഡന്റ് മധു എസ്. നമ്പൂതിരി, പി. പോള്‍ തുടങ്ങിയവരാണ് പണം തിരിച്ചടക്കാതെ നില്‍ക്കുന്നതെന്നും യൂത്ത്‌ലീഗ് ആരോപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാനുള്ള നീക്കമാണ് ഇവര്‍ ഇപ്പോള്‍ നടത്തുന്നത്.ഇതിനെതിരേയാണ് 18ന് പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണില്‍ അഴിമതി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദാലി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് എം. സിറാജ് സിദ്ദീഖ്, ജനറല്‍ സെക്രട്ടറി നൗഫല്‍ എടപ്പാള, ട്രഷറര്‍ ഷാഫി വൈപ്പടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."