HOME
DETAILS

ഗ്രേറ്റ് എസ്‌കേപ്പ്

  
backup
December 22 2019 | 12:12 PM

great-escape-njayarprabhaatham-article-by-pramod

 

 

2018 ഡിസംബറിലാണ് കൊല്ലത്തുനിന്ന് നൗഷാദും സുഹൃത്ത് നിസാറുംകൂടി ഗള്‍ഫിലേക്ക് യാത്രതിരിക്കുന്നത്. ഷാര്‍ജയില്‍ സന്ദര്‍ശക വിസയില്‍ ഇറങ്ങി തൊഴില്‍ കണ്ടെത്തിയശേഷം തൊഴില്‍ വിസ സ്വന്തമാക്കാമെന്നായിരുന്നു ഇവരുടെ ധാരണ. അവിടെയെത്തി ഒരു മാസം അജ്മാനില്‍ ജോലിചെയ്തു. മത്സ്യത്തൊഴിലാളികളായിരുന്നെങ്കിലും ബോട്ടിന്റെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങുമൊക്കെയായി ചെയ്ത പണികള്‍ക്ക് ശമ്പളവും കിട്ടി. ഇവിടെവച്ചാണ് പരിചയസമ്പന്നരായ ചില മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഏഴ് തമിഴ്‌നാട്ടുകാരെ നൗഷാദും സുഹൃത്തും പരിചയപ്പെടുന്നത്.
പിന്നീടങ്ങോട്ടാണ് കഥമാറിയത്. അജ്മാനില്‍നിന്ന് ഒമാനിലേക്കെന്നു പറഞ്ഞ് ഇവരെ കൊണ്ടുപോയി. അഞ്ചുപേരെ കടല്‍മാര്‍ഗവും നാലുപേരെ വിമാനത്തിലും. കടല്‍യാത്ര ചെയ്തവര്‍ ഏഴ് ദിവസത്തിനു ശേഷമാണ് കരയിലെത്തിയത്. കരയിലെത്തിയതോടെ സംശയം തോന്നിയ അവര്‍ തിരക്കിയപ്പോഴാണ് തങ്ങളെത്തിയത് ഒമാനിലല്ല യമനിലാണെന്ന് അറിയുന്നത്. സ്ഥലം മാറിയെന്ന് അറിയുമ്പോള്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. യമനിലെ ഹാര്‍ബറിലായിരുന്നു ജോലി.
ആദ്യ ഒരു മാസം കൃത്യമായി ശമ്പളം ലഭിച്ചു. പിന്നീട് മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ഭക്ഷണം മാത്രം തരുന്ന അവസ്ഥയായി. ശമ്പളമില്ലാതായതോടെ ജോലിക്ക് പോകാതായി. അപ്പോള്‍ തന്നിരുന്ന ഭക്ഷണവും ഇല്ലാതായി. പിന്നീട് ഭക്ഷണത്തിനുവേണ്ടി ജോലിക്ക് പോവുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടിന്റെ ഉടമയായ അറബിയോട് തര്‍ക്കിച്ചെങ്കിലും കാര്യങ്ങള്‍ നേരെയായില്ലെന്നു മാത്രമല്ല കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നെന്ന് നൗഷാദ് ഓര്‍ക്കുന്നു. പൊലിസില്‍ പരാതിപ്പെട്ടാല്‍ അനധികൃത താമസക്കാരെന്ന നിലയില്‍ കുടുങ്ങും. ഇന്ത്യന്‍ എംബസിയെ ആശ്രയിക്കാമെന്നു വച്ചാല്‍ യമനിലാണെങ്കില്‍ ഇന്ത്യന്‍ എംബസിയുമില്ല. എല്ലാ പ്രതീക്ഷകളും നഷ്ടമായ അവസ്ഥയിലായിരുന്നു ഞങ്ങളെന്ന് നൗഷാദ് പറയുന്നു.

രക്ഷപ്പെടാനൊരുങ്ങുന്നു

എല്ലാം ശരിയാകുമെന്നു പ്രതീക്ഷിച്ച് എല്ലാവരും പിടിച്ചുനിന്നു. എന്നാല്‍ പത്തു മാസം പിന്നിട്ടിട്ടും ഒന്നും ശരിയായില്ലെന്നു മാത്രമല്ല ഇനി നില്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥയുമായി ഇവര്‍ക്ക്. ശമ്പളവുമില്ല, ഭക്ഷണവുമില്ല, ഉറ്റവരും ഉടയവരുമില്ല, ആശ്രയിക്കാന്‍ മറ്റൊരാളുമില്ലാത്ത വല്ലാത്ത അവസ്ഥയിലാണ് അവര്‍ ഒന്‍പതുപേര്‍ ചേര്‍ന്ന് രക്ഷപ്പെടാനുള്ള അവസാന മാര്‍ഗമെന്ന നിലയില്‍ ബോട്ടില്‍ ഇന്ത്യയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചത്.
പക്ഷേ അതിനും ഉണ്ടായിരുന്നു ഏറെ പ്രതിബന്ധങ്ങള്‍. മത്സ്യബന്ധനത്തിന് പോവുകയാണെങ്കില്‍ മാത്രമേ, അറബി ബോട്ടില്‍ ഇന്ധനം നിറയ്ക്കൂ. സ്വന്തമായി ഇന്ധനം നിറച്ച് യാത്ര പുറപ്പെടാമെന്നുവച്ചാല്‍ അതിനു ചില്ലിക്കാശില്ല. മത്സ്യബന്ധനത്തിനു പോകുന്നു എന്നറിയിച്ച് അറബിയെക്കൊണ്ട് ഇന്ധനം നിറപ്പിച്ചു. 4000 ലിറ്റര്‍ ഡീസല്‍ കൂടുതലായി ബോട്ടില്‍ നിറച്ചു. ദീര്‍ഘയാത്രക്കായി അരി, ബിസ്‌ക്കറ്റ്, പരിപ്പ് എന്നിവയും കരുതി. ഒന്നുകില്‍ എത്തും അല്ലെങ്കില്‍ മരണം... പ്രാര്‍ഥനയോടെ ഇന്ത്യ ലക്ഷ്യമാക്കി യമന്‍ തീരത്തുനിന്ന് യാത്ര തുടങ്ങുകയായിന്നുവെന്ന് നൗഷാദ് പറയുന്നു.

പത്തുദിവസം, 3000 കിലോമീറ്റര്‍

ബോട്ടിലെ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അറിയുന്നവരായിരുന്നു തമിഴ്‌നാട്ടില്‍നിന്നുള്ള ചിലരെന്ന് നൗഷാദ് പറയുന്നു. ബോട്ടിലെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ഇന്ത്യ ലക്ഷ്യമാക്കി തടികൊണ്ടുള്ള ആ മത്സ്യബന്ധന ബോട്ടില്‍ അവര്‍ ഒന്‍പതുപേര്‍ യാത്ര തുടങ്ങി. കാറ്റ് പ്രതികൂലമാകുമ്പോള്‍ ബോട്ട് നിര്‍ത്തിയിട്ട് ഇന്ധനം ലാഭിച്ചു. അടിയന്തര ഘട്ടത്തില്‍ വേണമെന്നതിനാല്‍ കൈയിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണും അധികം ഉപയോഗിച്ചില്ല.
കരകാണാ കടലിലൂടെ ഇന്ത്യതേടിയുള്ള യാത്ര. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭക്ഷണവും കുടിവെള്ളവും തീര്‍ന്നുതുടങ്ങിയിരുന്നു.
പത്തുദിവസക്കാലത്തെ യാത്രക്കിടെ കടലില്‍ ശക്തമായ കാറ്റ് ആയിരുന്നതിനാല്‍ ഇവര്‍ക്ക് കപ്പലുകളുടെയോ, മറ്റു രാജ്യങ്ങളിലെ സേനയുടെയോ വെല്ലുവിളികള്‍ ഉണ്ടായില്ല. കാറ്റ് കാരണം ഭക്ഷണം പാകംചെയ്യാന്‍പോലും ചില ദിവസങ്ങളില്‍ കഴിഞ്ഞില്ല, ചില ദിവസങ്ങളില്‍ ഒരുനേരം ഭക്ഷണമുണ്ടാക്കി എല്ലാവരും കഴിക്കും. ചില ദിവസങ്ങള്‍ ബിസ്‌ക്കറ്റ് മാത്രം കഴിച്ചാണ് തള്ളിനീക്കിയത്. അവസാന ദിവസങ്ങളില്‍ കഴിക്കാനായി ബിസ്‌ക്കറ്റ് മാത്രമാണ് അവശേഷിച്ചതും. ജീവനും ജീവിതത്തിനും വേണ്ടിയുള്ള യാത്രയില്‍ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും പലപ്പോഴും സമയം കിട്ടിയില്ലെന്ന് നൗഷാദ് പറയുന്നു.
പത്താം ദിവസം തങ്ങള്‍ എത്തിയത് ലക്ഷദ്വീപിനു സമീപത്താണെന്ന് നൗഷാദും സുഹൃത്തുക്കളും മനസിലാക്കി. തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കളെ വിവരമറിയിച്ചു. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് വ്യോമനിരീക്ഷണം നടത്തി. പത്തുദിവസം കൊണ്ട് 3000 കിലോമീറ്റര്‍ വെറുമൊരു മത്സ്യബന്ധന ബോട്ടില്‍ സഞ്ചരിച്ച ഇവര്‍ കൊച്ചിക്ക് 100 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയാണെന്ന് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. പിന്നീട് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ ഇവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. യമന്‍കാരന്റെ ഉടമസ്ഥതയിലുള്ള ബോട്ട് അവര്‍ കോസ്റ്റല്‍ പൊലിസിന് കൈമാറിയാണ് കരയ്ക്കിറങ്ങിയത്.

ഇനിയൊന്ന് ജീവിക്കണം

യമന്‍കാരനായ ഉടമയുടെ ബോട്ട് ഞങ്ങള്‍ മോഷ്ടിച്ചതല്ല, ഇതല്ലാതെ മറ്റു പോംവഴികളൊന്നുമുണ്ടായിരുന്നില്ല. ഇനി ഞങ്ങള്‍ക്കതില്‍ ഒരു കാര്യവുമില്ല. ബോട്ട് ഉടമ കൊണ്ടുപോവുകയോ, അല്ലാതിരിക്കുകയോ ചെയ്യട്ടെ. എല്ലാം സര്‍ക്കാര്‍ തീരുമാനിക്കട്ടെ, എന്തായാലും ജീവനോടെ തിരിച്ചെത്താനായതിന്റെ സന്തോഷമാണുള്ളതെന്ന് നൗഷാദ് പറയുന്നു. ഒന്‍പതു പേരുടെ സാഹസിക യാത്രക്ക് സാക്ഷിയായ ബോട്ട് ഇപ്പോള്‍ കൊച്ചി തുറമുഖത്താണ്. പട്ടിണിയും അടിമ ജീവിതവും മടുത്ത് ജീവിതംതന്നെ വെറുത്ത അവസ്ഥയില്‍നിന്നാണ് ജീവന്‍ നഷ്ടപ്പെട്ടാലും വേണ്ടില്ലെന്ന ഉറച്ച തീരുമാനമെടുത്ത് അവര്‍ ആ സാഹസിക യാത്ര തെരഞ്ഞെടുത്തത്. ഒരിക്കലും തോല്‍ക്കാനാഗ്രഹിക്കാത്ത ആ സുഹൃത്തുക്കള്‍ വിജയിക്കുകതന്നെ ചെയ്തു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കടല്‍പോലും പരാജയപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago