തുര്‍ക്കി, ഇറാന്‍, ഖത്തര്‍ കര മാര്‍ഗമുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തും
ദോഹ: തുര്‍ക്കിയും ഖത്തറും ഇറാനും സംയുക്തമായി കര മാര്‍ഗമുള്ള വ്യാപാര ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് തുര്‍ക്കി ധനമന്ത്രി നിഹാത്ത് സെയ്‌ബെക്കി പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ചായിരിക്കും ചര്‍ച്ച നടക്കുക.
ഖത്തറുമായി കര മാര്‍ഗമുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് വിവിധ ബദലുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍, ഏറ്റവും എളുപ്പം ഇറാന്‍ വഴി ഖത്തറിലെത്തിക്കുയാണെന്ന് സെയ്‌ബെക്കി അന്‍ഡലോവു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജൂണ്‍ 5 മുതല്‍ അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ ആരംഭിച്ച ഉപരോധത്തില്‍ രാജ്യത്തേക്കുള്ള ഏക കരമാര്‍ഗമായ സൗദി അതിര്‍ത്തി അടച്ചിരുന്നു.
ശുചീകരണ വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഖത്തറിനാവശ്യമായ എല്ലാ വസ്തുക്കളും എത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സെയ്‌ബെക്കി പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തുര്‍ക്കിയും ഖത്തറും തമ്മിലുള്ള വ്യാപാരം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് സ്ഥിരമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജൂണ്‍ മാസത്തില്‍ തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്ക് 52.4 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. മെയ് മാസത്തില്‍ ഇത് 36.2 ദശലക്ഷം ഡോളറായിരുന്നു. തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്കുള്ള ഇറക്കുമതി മെയില്‍ 19.6 ദശലക്ഷം ഡോളര്‍ ഉണ്ടായിരുന്നത് ജൂണില്‍ 23.7 ദശലക്ഷം ഡോളറായി വര്‍ധിച്ചു.
ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ചരക്കു വിമാനങ്ങള്‍ ഉപയോഗിക്കുന്നത് അധിക കാലത്തേക്ക് താങ്ങാവുന്ന ഒന്നല്ലെന്ന് സെയ്‌ബെക്കി പറഞ്ഞു. ചരക്കു കടത്ത് ചുരുങ്ങിയ ചിലവിലുള്ളതും സുസ്ഥിരവുമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടല്‍വഴിയുള്ള കടത്തിന് പ്രാധാന്യം വര്‍ധിക്കുകയാണ്. മാസം തോറും നാല് വന്‍കിട കപ്പലുകള്‍ ഖത്തറിലേക്ക് അയക്കാനാവുമെന്നാണു കരുതുന്നത്. എന്നാല്‍, ചെറുകിട കടത്തുകള്‍ കരവഴി ഇറാനിലെത്തിച്ച് സൗകര്യപ്രദമായ രീതിയില്‍ നടത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് സെയ്‌ബെക്കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."