ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രിംകോടതി റദ്ദാക്കി
കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ശ്രീലങ്കയില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രിംകോടതി റദ്ദാക്കി. പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമാണെന്നു കോടതി പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷമുണ്ടായിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഭരണഘടനാ വിരുദ്ധമാണ്. പാര്‍ലമെന്റിന് അഞ്ചു വര്‍ഷം കാലാവധിയുണ്ടായിരിക്കെ നാലര വര്‍ഷമാവാതെ പിരിച്ചുവിടാന്‍ പ്രസിഡന്റിനു സാധിക്കില്ലെന്നു വിധി പുറപ്പെടുവിച്ച ഏഴംഗ ജഡ്ജിമാരുടെ ബെഞ്ച് ഐക്യകണ്‌ഠേന തീരുമാനിച്ചു. പാര്‍ലമെന്റ് റദ്ദാക്കിയ നടപടി ഭരണഘടനയുടെ ലംഘനമാണെന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതിയുണ്ടായിരുന്നില്ലെന്നു ചീഫ് ജസ്റ്റിസ് നലിന്‍ പെരേര പറഞ്ഞു.
സുപ്രിംകോടതി വിധിയോടെ റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള വഴിയൊരുങ്ങി. കോടതി വിധി സിരിസേന അംഗീകരിച്ചില്ലെങ്കില്‍ പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റിലേക്ക് നയിച്ചേക്കും. ഇതിനായി പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം അനിവാര്യമാണ്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഇംപീച്ച്‌മെന്റ് നടപടികള്‍.
സുപ്രിംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്നു മഹിന്ദ രാജപക്‌സയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നമല്‍ രാജപക്‌സെ ട്വീറ്റ് ചെയ്തു.
സുപ്രിംകോടതി വിധി നടപ്പിലാക്കുമോയെന്ന കാര്യം കാത്തിരിക്കുകയാണെന്നും ഇതിന് ശേഷമായിരിക്കും ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് പോകണമോയെന്നത് തീരുമാനിക്കുകയെന്ന് വിക്രമസിംഗെയുടെ പാര്‍ട്ടി പറഞ്ഞു.
റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കി പകരമായി മഹിന്ദ രാജപക്‌സെയെ ചുമതലപ്പെടുത്തിയതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. നവംബര്‍ ഒന്‍പതിനാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റ് സിരിസേന പ്രഖ്യാപിച്ചത്. എന്നാല്‍ സിരിസനേയുടെ നടപടി സുപ്രിംകോടതി നാലു ദിവസത്തിനു ശേഷം താല്‍ക്കാലിമായി റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് രാജപക്‌സെക്കെതിരെ പാര്‍ലമെന്റില്‍ നടന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളും പാസായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കു വിക്രമസിംഗെയെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബുധനാഴ്ച നടന്ന വോട്ടെടുപ്പ് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പാസായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."