പഴങ്കഞ്ഞി ട്രന്റാവുകയാണ് ഇവിടെ
നവാസ് പടുവിങ്ങല്‍
കൊടുങ്ങല്ലൂര്‍: പാഴെന്നു പറഞ്ഞിരുന്ന പഴങ്കഞ്ഞി പുതിയ ട്രന്റാവുകയാണ്. ഇടക്കാലത്ത് അടുക്കളയുടെ പിന്നാമ്പുറത്തേക്കു തള്ളപ്പെട്ട പഴങ്കഞ്ഞി പുതിയ രൂപത്തില്‍ തീന്‍മേശയിലെത്തിയപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. കൊടുങ്ങല്ലൂരില്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണ് പഴങ്കഞ്ഞി വിളമ്പുന്ന ഹോട്ടല്‍ തുറന്നിട്ടുള്ളത്. പന്ത്രണ്ടു മണിക്കൂര്‍ മുന്‍പ് വേവിച്ച നല്ല നാടന്‍ ചോറ്, അതില്‍ ഉള്ളിയും മുളകും അല്‍പ്പം തൈരും ചേര്‍ക്കുന്നതോടെ പഴങ്കഞ്ഞി തയാര്‍.
ഒപ്പം നല്ല മരച്ചീനി പുഴുങ്ങിയതും ഉണ്ട്. വാളക്കറി, മീന്‍ പീര, ഉണക്കമുളക് ചമ്മന്തി, പപ്പടം, അച്ചാര്‍ ഇവ മേമ്പൊടിക്കു വിളമ്പും.
അമ്പതു രൂപയ്ക്ക് വയറും മനസും നിറയ്ക്കാം. ഒപ്പം പഴമയുടെ രുചിയും. പഴങ്കഞ്ഞിയെന്നതു വെറും പഴങ്കഥയല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിനു തണുപ്പ് ലഭിക്കുകയും ചെയ്യും. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയാന്‍ പഴങ്കഞ്ഞിക്കാകും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും അതുവഴി അള്‍സര്‍, കുടലിലുണ്ടാവുന്ന കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും.
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിനു തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും ഉപകരിക്കും. രക്തസമ്മര്‍ദ്ധം, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ പഴങ്കഞ്ഞിക്കു കഴിയും. ചര്‍മ്മരോഗങ്ങള്‍, അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു.
ഒരു കപ്പ് പഴങ്കഞ്ഞിയില്‍ മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80ശതമാനത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു.
ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു.
മേത്തല സ്വദേശി താണിയത്ത് അംജിത്താണ് കൊടുങ്ങല്ലൂരിനു മുന്നില്‍ പഴങ്കഞ്ഞി വിളമ്പുന്നത്. നാലു മാസം മുന്‍പ് ദബൈയില്‍ നിന്നും മടങ്ങി വന്ന അംജിത്ത് സ്വയംതൊഴില്‍ എന്ന നിലക്കു തുടങ്ങിയ ഹോട്ടലില്‍ നാലു ദിവസം മുന്‍പാണ് പഴങ്കഞ്ഞി വിഭവമായത്.
രാവിലെ ഏഴു മുതല്‍ അംജിത്തിന്റെ ഹോട്ടലില്‍ പഴങ്കഞ്ഞി കുടിക്കാന്‍ ആളുകളെത്തി തുടങ്ങും.
കൊടുങ്ങല്ലൂരിനു പുറത്തു നിന്നു പോലും ആള്‍ക്കാര്‍ പഴങ്കഞ്ഞി തേടിയെത്തി തുടങ്ങിയിട്ടുണ്ട്. മണ്‍പാത്രത്തില്‍ നിറയുന്ന കഞ്ഞിയും ചൊടിയുള്ള തൊടുകറികളും ഭക്ഷണപ്രിയരുടെ നാവിന് സദ്യയൊരുക്കുമ്പോള്‍ പഴങ്കഞ്ഞി ഹിറ്റാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."